ആറ്റിങ്ങൽ: മകനെ നഷ്ടപ്പെട്ട അമ്മയായ നഞ്ചിപ്പെണ്ണിന്റെ വേദന ഒമ്പതാം ക്ലാസുകാരി പകർന്നാടിയപ്പോൾ അത് കാണികളുടെ കണ്ണുകളെയും ഈറനണിയിച്ചു. ആറ്റുനോറ്റ് വളർത്തിയ മകന്റെ വിരഹവേദന തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചതോടെ നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും ഈ കൊച്ചുമിടുക്കിയെ തേടിയെത്തി. ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തത്തിൽ മത്സരിച്ച നെയ്യാറ്റിൻകര സെന്റ് തോമസ് കോൺവെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി ബി.ജി.നന്ദനയാണ് ഈ മിടുക്കി.ന ന്ദന മൂന്നര വയസിസാണ് നൃത്തം പരിശീലനം തുടങ്ങിയത്.പഠനം കഴിഞ്ഞ് രാത്രി 11 വരെ പരിശീലനം നീളും. മണിക്കൂറുകളോളം നൃത്തം പരിശീലിച്ച് വേദനിക്കുന്ന പാദങ്ങളുമായാണ് പലപ്പോഴും നന്ദനയുടെ ഉറക്കം. എന്നാൽ മകൾ ഇതുവരെ സഹിച്ച ബുദ്ധിമുട്ടുകൾക്കെല്ലാം ജില്ലാ സ്‌കൂൾ കലോത്സവം പോലൊരു വലിയ വേദിയിൽ അർഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷമായിരുന്നു അമ്മ ജിജിയുടെ വാക്കുകളിൽ.18 മത്സരാർത്ഥികൾക്കൊപ്പം മത്സരിച്ചാണ് എ ഗ്രേഡോടുകൂടി നന്ദന ഒന്നാം സ്ഥാനത്തെത്തിയത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ വീടിനു സമീപത്തെ ക്ഷേത്രങ്ങളിലൊക്കെ നന്ദന നൃത്തം അവതരിപ്പിക്കാറുണ്ട്. പരേതനായ ബിനു കുമാറാണ് നന്ദനയുടെ അച്ഛൻ. കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ് ജിജി. നെയ്യാറ്റിൻകര നയനം ഡാൻസ് അക്കാഡമിയിലാണ് കുഞ്ഞുനാൾ തൊട്ട് നന്ദനയുടെ പരിശീലനം. നാടോടി നൃത്തത്തിനു പുറമെ കേരളനടനം,ഭരതനാട്യം,കുച്ചുപ്പുടി എന്നിവയിലും നന്ദന മികവ് തെളിയിച്ചിട്ടുണ്ട്.
മറുത തെയ്യം
വേദിയിൽ മറുത തെയ്യമായി നിറഞ്ഞാടിയപ്പോൾ യു.പി വിഭാഗം നാടോടി നൃത്തത്തിൽ മത്സരിച്ച ഏക ആൺതരി ദേവസായൂജിന് രണ്ടാം സ്ഥാനം. നാടോടിനൃത്തത്തിൽ ഈ ആറാം ക്ലാസുകാരനോടൊപ്പം പൊരുതിയത് 17 പെൺകുട്ടികളാണ്. ഇവരെയെല്ലാം വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ദേവസായൂജിന്റേത്. കാടിന്റെ മക്കളുടെ വസൂരി മാറ്റാനെത്തിയ മറുതയുടെ നിറഞ്ഞാട്ടം സദസിനും കൗതുകക്കാഴ്ചയായി. മലബാറിലെ കലാരൂപമായ മറുത തെയ്യം അപൂർവമായേ കലോത്സവ വേദികളിൽ അവതരിപ്പിക്കാറുള്ളൂ. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് നർത്തകി രാഗിണി. ആർ.പണിക്കറുടെ കീഴിൽ നാല് വർഷമായി ദേവസായൂജ് നൃത്തം അഭ്യസിക്കുന്നു. നെയ്യാറ്റിൻകര ഉച്ചക്കട സ്വദേശികളായ ദീപികയുടെയും സജുവിന്റെയും മകനാണ്. യു.പി വിഭാഗം കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചു.
വട്ടപ്പാട്ടിൽ ഫസ്റ്റടിച്ച് ആശാന്റെ പാട്ട്
എച്ച്.എസ്.എസ് വിഭാഗം വട്ടപ്പാട്ടിൽ ഫസ്റ്റടിച്ചത് ഗുരുവിന്റെ പാട്ടുമായി മത്സരത്തിനെത്തിയ നന്ദിയോട് എസ്.കെ.വി.എച്ച്.എസ് ടീം. ഒരുവട്ടപ്പാട്ടിനുള്ള 12 പാട്ടുകളിൽ നാലെണ്ണം എഴുതിയത് വട്ടപ്പാട്ട് അദ്ധ്യാപകനായ നഫ്സൽ തിരുവനന്തപുരമാണ്. ഗുരുവിന്റെ പാട്ടുപാടി ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയപ്പോൾ ടീമിന് ഇരട്ടി സന്തോഷം.നഫ്സൽ നാടൻ കലകളോടുള്ള ഇഷ്ടംകാരണം ഫോക്‌ലോർ പഠിക്കാൻ കോഴിക്കോട് സർവകലാശാലയിൽ എം.എ പഠിച്ചു. സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ഒന്നാം സ്ഥനം കിട്ടാൻ യു ട്യൂബ് മതി!
യു ട്യൂബ് കണ്ട് പഠിച്ച പാട്ടിന് ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ എസ്.നീലിമയ്ക്ക് പെരുത്ത് സന്തോഷം. രണ്ടാംക്ലാസ് മുതൽ മത്സരിക്കുന്നുണ്ടെങ്കിലും ജില്ലയിൽ ഒന്നാംസ്ഥാനം നേടുന്നതും ആദ്യം. എച്ച്.എസ് വിഭാഗം മാപ്പിളപ്പാട്ടിലാണ് ഈ 'ഇശൽക്കഥ'. വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് നീലിമ. മതിരെഖ പതി എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് ഒന്നാംസ്ഥാനത്തെത്തിയത്. തിരുവാതിര, ഹിന്ദി പദ്യപാരായണം,ഉർദു സംഘഗാനം എന്നിവയിലും മത്സരിച്ചിരുന്നു. സേനാപതി പഞ്ചായത്ത് സെക്രട്ടറി ശ്യാമപ്രസാദിന്റെയും ജില്ലാകോടതിയിലെ സീനിയർ ക്ലർക്ക് സജിതയുടെയും മകളാണ്. ചെറുപ്പത്തിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങിയ നീലിമ മൂന്നുവർഷം മുമ്പ് അരങ്ങേറ്റവും കുറിച്ചു.