തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ വൈസ് പ്രസിഡന്റിനെയും നാല് ഡയറക്ടർ ബോർഡ് അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റുചെയ്‌തു.

ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജരും എൻജി.സംഘം വൈസ് പ്രസിഡന്റുമായ ഐ.മിനിമോൾ, ഡയറക്ടർ ബോർഡംഗങ്ങളായ ഡിവിഷണൽ എൻജിനിയർ കെ.മനോജ് കൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എ.അനിൽകുമാർ, മുൻ ജീവനക്കാരിയും ഡയറക്ടർ ബോർഡ് അംഗവുമായ സോഫിയാമ്മ തോമസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ എൻജിനിയറും ഡയറക്ടർ ബോർഡംഗവുമായ പ്രസാദ് രാജ് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സംഘത്തിലെ ഡയറക്ടർ ബോർഡംഗങ്ങളെല്ലാം ഇതോടെ അറസ്റ്റിലായി. മുഖ്യപ്രതികളായ എ.ആർ.ഗോപിനാഥനും രാജീവും നിലവിൽ റിമാൻഡിലാണ്. അനധികൃത വായ്പയിലൂടെയും വ്യാജ നിക്ഷേപരേഖകൾ ഉണ്ടാക്കിയും സഹകരണ സംഘത്തിലെ 260.18 കോടി രൂപ തട്ടിയെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകൻ നൽകുന്ന പണം രജിസ്റ്ററിലെഴുതാതെ തട്ടിപ്പ് നടത്തിയവർ അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് മാറ്റുകയായിരുന്നു. 260 കോടിയിൽ 240 കോടിയും സ്ഥിരനിക്ഷേപമാണെങ്കിലും ഇത് സംഘത്തിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഗോപിനാഥനും രാജീവും ചേർന്ന് നേരിട്ട് പണം വകമാറ്റുകയായിരുന്നു.