തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണത്തിലെ പ്രതി ഓംപ്രകാശിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അന്വേഷണസംഘം അപേക്ഷ നൽകും. ഒളിവിലായിരുന്ന ഇയാളെ ഗോവയിൽ നിന്ന് പിടികൂടി തിങ്കളാഴ്ച പേട്ട സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്‌തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുക. ഇന്നോ നാളെയോ കസ്റ്റഡിയിൽ നൽകും. 11 മാസം ഒളിവിൽ കഴിഞ്ഞിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തും തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടിവരും. കേസിലെ എട്ടാം പ്രതിയാണ് ഇയാൾ. ഒരാഴ്ച കസ്റ്റഡി അപേക്ഷ നൽകേണ്ടി വരുമെന്നാണ് വിവരം. ഇതിനു മുമ്പ് ഓംപ്രകാശ് ഉൾപ്പെട്ട ഏതെങ്കിലും കേസിൽ അറസ്റ്റ് രേഖപ്പെടുത്താനുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗുണ്ടാ നേതാവായതിനാൽ വൻ പൊലീസ് സുരക്ഷയിലേ തെളിവെടുപ്പ് നടക്കൂ. ഇയാളുടെ കൂട്ടാളികളെ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കും.