തിരുവനന്തപുരം: അന്യസംസ്ഥാന കോളേജുകളിൽ നഴ്സിംഗ്,ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ശരിയാക്കാമെന്നുപറഞ്ഞ് രണ്ടുപേരിൽ നിന്നായി 5.30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൈക്കാടുള്ള സ്വകാര്യ സ്ഥാപന ഉടമയ്‌ക്കും ജീവനക്കാരനുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു.
പോത്തൻകോട് അയിരൂപ്പാറ സ്വദേശിയുടെ മകൾക്ക് തമിഴ്നാട് കുലശേഖരത്തെ സ്വകാര്യ നഴ്‌സിംഗ് കോളജിൽ ബി.എസ്‌സി നഴ്‌സിംഗിന് സീറ്റ് തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ച് 3.5 ലക്ഷം രൂപയും ചെമ്പഴന്തി സ്വദേശിയുടെ മകന് ബംഗളൂരുവിലെ കോളേജിൽ ബി.സി.എയ്ക്ക് സീറ്റ് വാങ്ങി നൽകാമെന്നു പറഞ്ഞ് 1.8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. സമയപരിധി കഴിഞ്ഞിട്ടും ഇവർക്ക് പ്രവേശനം ലഭിച്ചില്ല. പരാതി ഉയർന്നതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങി. ഇതോടെ പണം നഷ്ടമായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.