നങ്ങ്യാർകൂത്തിനെത്തിയ കുട്ടികൾക്ക് മേക്കപ്പ് ചെയ്യാൻ യഥാസമയം മുറി തുറന്നു കൊടുക്കാത്തത് മത്സരാർത്ഥികളെ വലച്ചു. ആറ്റിങ്ങൽ ഡയറ്റിലെ വേദിയിലെ മത്സരത്തിനായി രാവിലെ ഏഴു മണിക്ക് കുട്ടികളെത്തിയെങ്കിലും 8.30 മണിയോടെയാണത്രെ മുറികൾ തുറന്നുകിട്ടിയത്. 9 മണിക്ക് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും 10.45 മണിക്കാണ് ആദ്യ മത്സരം തുടങ്ങിയത്.

സൗണ്ട് സിസ്റ്റം പാളി

സൗണ്ട് സിസ്റ്റം പണിമുടക്കിയതോടെ യു.പി നാടകമത്സരം നിറുത്തിവച്ചു. രണ്ട് നാടകങ്ങൾക്ക് ശേഷമായിരുന്നു ഇത്. ഒാഡിറ്റോറിയം അടഞ്ഞതാണ് കാരണമെന്ന് മൈക്ക് ഓപ്പറേറ്ററും മുൻപ് ഇതേ വേദിയിൽ മത്സരം നടത്തിയിട്ടുള്ളതാണെന്ന് സംഘാടകരും പരസ്പരം പഴിചാരി. ഒപ്പം സൗണ്ട് സിസ്റ്റം ശരിയാക്കാതെ മത്സരിക്കാനില്ലെന്ന് മത്സരാർത്ഥികളും നാടകപ്രേമികളും പ്രതിഷേധവുമായി വേദിക്ക് മുന്നിലെത്തി. ഇതോടെ പൊലീസെത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. വാക്കേറ്റത്തിനും തർക്കങ്ങൾക്കുമൊടുവിൽ ഒന്നരമണിക്കൂറിനുശേഷമാണ് പ്രശ്നം പരിഹരിച്ചത്. എച്ച്.എസ്.എസ് ആൺകുട്ടികളുടെ ഭരതനാട്യം വേദിയിൽ സി.ഡി സിസ്റ്റം തകരാറിലായതോടെ അരമണിക്കൂറോളം മത്സരം നിറുത്തിവച്ചു. ഒന്നാം ദിവസം മോഹിനിയാട്ടം മത്സരത്തിനിടയിലും സൗണ്ട് സിസ്റ്റത്തിന് പാളിച്ചയുണ്ടായതായി പരാതി ഉയർന്നിരുന്നു.