
തിരുവനന്തപുരം; 'എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്ന് കുറിപ്പെഴുതി ഡോ.ഷഹന മരണത്തിന് കീഴടങ്ങിയതിനുപിന്നിൽ സ്ത്രീധന ആർത്തിയെന്ന സംശയം ബലപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും മെഡിക്കൽ കോളേജ് പി.ജി അസോസിയേഷൻ ഭാരവാഹിയുമായ ഡോക്ടർ ഇ.എ റുവൈസിനെ പൊലീസ് പ്രതി ചേർത്തു.
ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കൽ വിദ്യാർത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
ഷഹനയുടെ സഹോദരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഇന്ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.സ്ത്രീധന നിരോധന നിയമം,ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി. മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ഷഹനയുടെ വീട്ടിലെത്തി ഉമ്മ, സഹോദരി എന്നിവരിൽ നിന്നു മൊഴിയെടുത്തു.'' കൂടെ പഠിക്കുന്ന ഡോക്ടർ വിവാഹാലോചനയുമായി വന്നിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വരന്റെ വീട്ടുകാർ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനാൽ വിവാഹം മുടങ്ങി.ഇതോടെ ഷഹന മാനസികമായി തളർന്നെന്ന് പൊലീസിനോടു പറഞ്ഞു. 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണംഅല്ലെങ്കിൽ കാറും നൽകാൻ തയ്യാറായിരുന്നു. എന്നാൽ, 150 പവനും ഒരു ഏക്കറും ബി.എം.ഡബ്ല്യു കാറും ഒന്നരക്കോടി രൂപയും ചോദിച്ചെന്നാണ് പരാതി. ഡോക്ടറുടെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. പിതാവിന്റെ നിർബന്ധത്തിന് മകനും വഴങ്ങി. മൂന്നു മാസം മുൻപായിരുന്നു ഇത്.
ഷഹനയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ചാറ്റുകളും പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെ തിങ്കളാഴ്ച രാത്രിയിലാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.താമസ സ്ഥലത്ത് അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് മരിച്ചത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ഷഹനയുടെ ഉമ്മ ഇന്ന് ഡി.ജി.പിക്ക് പരാതി നൽകും.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കു നിർദ്ദേശം നൽകി.
വനിത കമ്മിഷൻ മൊഴിയെടുത്തു
വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഷഹനയുടെ വീട് സന്ദർശിച്ച് മാതാവിൽ
നിന്നും സഹോദരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ഡോ. ഷഹാനയുടെ മരണം വേദനാജനകമാണെന്ന് പി.സതീദേവി പ്രതികരിച്ചു. സ്ത്രീധന പ്രശ്നമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെങ്കിൽ ആത്മഹത്യാപ്രേരണക്കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ചുമത്തി കേസെടുക്കും.
സംഭവത്തിൽ ന്യൂന പക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു.14നകം ജില്ല കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എന്നിവർ റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ അഡ്വ. എ.എ. റഷീദ് നിർദ്ദേശം നൽകി.
പി.ജി ഡോക്ടറെ മാറ്റി
തിരുവനന്തപുരം; ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ഇ.എ.റുവൈസിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ തത്സ്ഥാനത്ത് നിന്നു ഒഴിവാക്കിയതായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന നിലപാടിൽ സംഘടന ഉറച്ചുനിൽക്കുന്നതായും അസോസിയേഷന്റെ നിലപാട് ഇരയ്ക്കൊപ്പമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.