തിരുവനന്തപുരം: ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് അയച്ചുകൊടുത്ത് ബൊട്ടീക് ഉടമയിൽ നിന്ന് 10,000 രൂപ തട്ടിയെടുത്തു. ക്ളിഫ്ഹൗസിന് സമീപത്തുള്ള വൈ.എം.ആർ റോഡിലെ മൃണാളിനി ഡിസൈൻസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥ മൃണാളിനി രാധാകൃഷ്‌ണനാണ് തട്ടിപ്പിനിരയായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഓൺലൈൻ വഴി വസ്ത്രവ്യാപാരം നടത്തുകയാണ് മൃണാളിനി.
11ഓടെ മഹാരാഷ്ട്രയിൽ നിന്നാണെന്നു പറഞ്ഞ് ഒരു സ്ത്രീ മൃണാളിനിയെ ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംസാരം. സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴി 6000 രൂപയുടെ സാരി വാങ്ങിയെന്നും തുക ഗൂഗിൾ പേ വഴി കൈമാറിയപ്പോൾ അബദ്ധത്തിൽ 16,000 രൂപ അയച്ചെന്നും 10,000 രൂപ തിരിച്ചയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഗൂഗിൾ പേ ചെയ്‌തതിന്റെ സ്ക്രീൻ ഷോട്ടും നൽകി. തിരക്കിലായിരുന്നതിനാൽ മൃണാളിനി അക്കൗണ്ട് പരിശോധിക്കാതെ 10,000 രൂപ തിരിച്ചയച്ചു. ഒരു മണിക്കൂറിന് ശേഷം ഇതേ സ്ത്രീ വീണ്ടും വിളിച്ചു. സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ച 10,000 രൂപ തെറ്റി മൃണാളിനിയുടെ അക്കൗണ്ടിലെത്തിയെന്നും അത് തിരിച്ചയയ്ക്കണമെന്നുമായിരുന്നു ആവശ്യം.
സംശയം തോന്നിയ മൃണാളിനി തിരക്കിലാണെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരമറിഞ്ഞത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.