
#കുട്ടികളെ തോല്പിച്ച് നിലവാരം ഉയർത്താനില്ല
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്ദരേഖ ചോർത്തിയവർ കുട്ടികളുടെ മനോവീര്യവും അദ്ധ്യാപകരുടെ ആത്മവിശ്വാസവും കെടുത്തുന്ന പ്രവൃത്തിയാണ് ചെയ്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. കടുത്ത വഞ്ചനയാണ് ശബ്ദരേഖ ചോർത്തിയ വ്യക്തി ചെയ്തിരിക്കുന്നത്. നീചമായ ഈ പ്രവൃത്തി ചെയ്തത് അദ്ധ്യാപകനാണെങ്കിൽ സർവീസിൽ തുടരാൻ അർഹതയില്ല. ഈ പ്രവൃത്തിയ്ക്ക് എന്തെങ്കിലും തരത്തിൽ പ്രതിഫലം ലഭിച്ചുവോ എന്നതും അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിരീക്ഷണം സർക്കാരിന്റെ അഭിപ്രായമോ നയമോ അല്ല. കുട്ടികളെ തോൽപ്പിച്ചുകൊണ്ട് വിദ്യാഭ്യാസനിലവാരം വർദ്ധിപ്പിക്കാമെന്ന നിലപാട് സർക്കാരിനില്ല. മുഴുവൻ കുട്ടികളെയും ഉൾക്കൊണ്ട് അവരുടെ കഴിവിനെ ഉയർന്ന തലത്തിലേക്ക് വളർത്തുകയും സമൂഹത്തിൽ ആത്മവിശ്വാസത്തോടെ, അതിജീവന പ്രവർത്തനങ്ങളിൽ ഇടപെടാനാവശ്യമായ അറിവും കഴിവും അവർക്ക് ഉറപ്പാക്കുകയുമാണ് സർക്കാർ നയം.
പത്തുവർഷം കഠിനമായ പഠനപ്രക്രിയയിലൂടെ കടന്നുപോകുകയും ആദ്യമായി പൊതുപരീക്ഷയെ അഭിമുഖീകരിക്കുകയും ഉന്നതപഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്ന നിലയിലുള്ള ചർച്ചകൾ കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതത്തെക്കുറിച്ച് സമൂഹം ചിന്തിക്കേണ്ടതില്ലേ? കുട്ടികളുടെ മനസ്സിൽ പോറലുണ്ടാക്കുന്ന ചർച്ചകൾ ഒരു സമൂഹത്തിനും അഭികാമ്യമല്ല.
നമ്മുടെ കുട്ടികൾ മിടുക്കികളും മിടുക്കന്മാരുമാണ്. അദ്ധ്യാപകർ ഏതാണ്ട് മുഴുവൻ പേരും ആത്മാർത്ഥമായാണ് ജോലി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.