ആറ്റിങ്ങൽ: ആദ്യ ദിനത്തിൽ നിറം മങ്ങിപ്പോയ ജില്ലാ സ്‌കൂൾ കലോത്സവം കളറാക്കാൻ രണ്ടാം ദിനത്തിൽ വേദികളിലേക്ക് കാണികൾ ഒഴുകിയെത്തി.കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളായ നൃത്ത മത്സരങ്ങളിലൂടെ അരങ്ങുണർന്നപ്പോഴാണ് സദസിലും കാണികളുടെ എണ്ണം കൂടിയത്. ജനപ്രിയ ഇനമായ ഒപ്പന ആരംഭിച്ചതുമുതൽ ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ നാലാം വേദിയിൽ കാണികൾ തിങ്ങിനിറഞ്ഞു. കുച്ചുപ്പുടി, നാടോടിനൃത്തം,ഭരതനാട്യം തുടങ്ങിയ ഇനങ്ങളിലെ മത്സരങ്ങളെല്ലാം അരങ്ങേറിയത് നിറഞ്ഞ സദസിൽ. ഇതോടെ മത്സരാർത്ഥികളുടെ ആവേശവും വർദ്ധിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങിയ കലോത്സവ ആഘോഷത്തിന് പെട്ടെന്ന് ഒരു ദ്രുതതാളം. അരങ്ങിൽ മത്സരാവേശവും സദസിൽ ആഘോഷത്തിന്റെ അലയൊലികളും ഉണ്ടായെങ്കിലും സംഘാടനത്തിലെ പിഴവുകൾ രണ്ടാം ദിനത്തിലും തുടർന്നു.പിഴവുകൾ തീർപ്പാക്കാൻ സംഘാടകർ പെടാപ്പാട് പെട്ടു. മത്സരങ്ങൾ മണിക്കൂറുകൾ വൈകുന്നത് ഇന്നലെയും തുടർന്നു. മത്സരാർത്ഥികൾ കൃത്യസമയത്ത് വേദിയിൽ റിപ്പോർട്ട് ചെയ്യാത്തതാണ് മത്സരങ്ങൾ വൈകാൻ കാരണമെന്നാണ് സംഘാടകരുടെ വാദം. പലരേയും ഫോണിൽ വിളിച്ചാലും കിട്ടുന്നില്ലെന്നാണ് വേദി നിയന്ത്രിക്കുന്നവരുടെ പരാതി. അതേസമയം ഒന്നിലേറെ ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരേസമയം രണ്ടു വേദികളിൽ ഓടിയെത്താൻ കഴിയുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. മത്സരങ്ങൾ മണിക്കൂറുകൾ വൈകിയതോടെ മത്സരത്തിനായി വേഷമിട്ട വിദ്യാർത്ഥികൾ ഭക്ഷണം പോലും കഴിക്കാതെ വേദിക്കരികിൽ തങ്ങളുടെ ഊഴം കാത്ത് തളർന്നിരുന്നു. പലരും മത്സരം കഴിഞ്ഞതോടെ തളർന്ന് അവശരായി. രാവിലെ 11ന് ഒന്നാം വേദിയിൽ ആരംഭിക്കേണ്ടിയിരുന്ന യു.പി വിഭാഗം നാടോടി നൃത്ത മത്സരം മണിക്കൂറുകൾ വൈകി. ഇതോടെ ഈ വേദിയിൽ നടക്കാനിരുന്ന മറ്റു മത്സരങ്ങളും വൈകി. വൈകിട്ട് നാലിന് തുടങ്ങേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തം ആരംഭിച്ചത് ആറരയോടെയാണ്. നൃത്ത ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്ന വേദികളിലെല്ലാം രാത്രി വൈകിയും മത്സരം തുടരുകയാണ്.
സാങ്കേതിക തകരാറുകൾ മത്സരാർത്ഥികളെയും രക്ഷിതാക്കളെയും വലച്ചു. ഭരതനാട്യ മത്സരവേദിയിലും നാടക മത്സരവേദിയിലുമാണ് മൈക്ക് തകരാർ തലവേദന സൃഷ്ടിച്ചത്.മൈക്ക് തകരാറിനെ തുടർന്ന് രണ്ട് വേദികളിലും ഏറെ നേരം മത്സരങ്ങൾ നിറുത്തിവച്ചു. ഇതിനെച്ചൊല്ലി രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
രണ്ടാം ദിനത്തിൽ കാണികളെ ആവേശം കൊള്ളിച്ചത് നൃത്തയിനങ്ങളായിരുന്നെങ്കിൽ മൂന്നാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളായ മാർഗംകളി,കോൽക്കളി,ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങളാണ് ആവേശത്തിന്റെ അലയൊലികൾ തീർക്കാൻ വേദിയിൽ അരങ്ങേറുക.