തിരുവനന്തപുരം: അനന്തപുരിക്ക് ഒരാഴ്ച സിനിമാക്കാലം സമ്മാനിച്ച് 28ാ-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. പതിനായിരത്തോളം ഡെലിഗേറ്റുകൾ മേളയിലെത്തും. മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ടാഗോർ തിയേറ്ററാണ് ചലച്ചിത്ര മേളയുടെ മുഖ്യവേദി. 10 തിയേറ്ററുകളിലായി 177 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. നവാഗതനായ സുഡാനിയൻ സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയയാണ് ഉദ്ഘാടന ചിത്രം. ഉദ്ഘാ‌ടന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചിത്രം പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിജിറ്റൽ റെസ്റ്ററേഷൻ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വർദ്ധിപ്പിച്ച നാല് ക്ലാസിക് സിനിമകളും പ്രദർശിപ്പിക്കും. എം.ടി. വാസുദേവൻനായർ തിരക്കഥയെഴുതി പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും(1969), കെ.ജി.ജോർജ് സംവിധാനം ചെയ്ത യവനിക (1982), ജി.അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ എ.കെ.ലോഹിതദാസിന്റെ ആദ്യ സംവിധാനസംരംഭം ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോർഡ് ക്ലാസിക്സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 'മാസ്റ്റർ മൈൻഡ്സ്' വിഭാഗത്തിൽ കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്‌മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്‌ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ 11 പ്രമുഖരുടെ സിനിമകൾ പ്രദർശിപ്പിക്കും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്‌സോർസിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്‌ട്രൈപ്സ് എന്നീ ചിത്രങ്ങൾ മിഡ് നൈറ്റ് ഷോയിൽ പ്രദർശിപ്പിക്കും.

ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്നലെ തുടങ്ങി. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ് സംവിധായകൻ ശ്യാമപ്രസാദിൽ നിന്ന് ആദ്യ പാസ് ഏറ്റുവാങ്ങി. ആദ്യ ഡെലിഗേറ്റ് പാസ് ലഭിച്ചത് തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണെന്ന് വിൻസി പറഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് അദ്ധ്യക്ഷനായി. ചലച്ചിത്രമേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം, അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി. അജോയ്, എക്സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻ കുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.