പാറശാല: അവിശ്വാസപ്രമേയ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു മുൻപ് പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്നലെ 3നാണ് രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചത്. സെക്രട്ടറി രാജി വിവരം സെക്രട്ടറി ഇലക്ഷൻ കമ്മീഷനെ അറിയിക്കുകയുമായിരുന്നു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ 11 പേർ കോൺഗ്രസ് അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തിലെ മത്സരങ്ങളെ തുടർന്നാണ് ആദ്യപകുതിയായ രണ്ടര വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനം രാജേന്ദ്രൻ നായർക്ക് ലഭിച്ചത്. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമുള്ള മുൻ ധാരണയനുസരിച്ച് സ്ഥാനം ഒഴിയാതെ വന്നതോടെ രാജേന്ദ്രൻ നായരെ കോൺഗ്രസിൽ നിന്നു സസ്പെൻഡു ചെയ്തു. എങ്കിലും മറ്റ് അംഗങ്ങൾ ഉൾപ്പെടെ 12 പേരുടെ പിന്തുണ ഉണ്ടെന്ന അവകാശവാദത്തോടെ ഭരണം തുടരുകയായിരുന്നു.