ആറ്റിങ്ങൽ : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കലോത്സവവേദിയിൽ അദ്ധ്യാപകരുടെ പ്രതിഷേധം. ആറ്റിങ്ങൽ ഉപജില്ലയിലെ ചിറയിൻകീഴ് ശാർക്കര ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്‌കൂളിലെ അദ്ധ്യാപകരാണ് കലോത്സവവേദിയായ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തി ഡി.ഡിയോട് പ്രതിഷേധമറിയിച്ചത്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലെ കമ്പ്യൂട്ടർ ലാബിലിരുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന ഡി.ഡിയുടെ പരാമർശമാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമുണ്ടെന്ന തരത്തിൽ ഡി.ഡി കഴിഞ്ഞദിവസം സ്‌കൂളിലെത്തി വിസിറ്റേഴ്സ് ഡയറിയിൽ കുറിപ്പെഴുതി. എന്നാൽ ഫിറ്റനസ് ഇല്ലാത്ത ക്ലാസ്സ്മുറിയിൽ വിദ്യാർത്ഥികളെ ഇരുത്തരുതെന്ന് അദ്ധ്യാപകർക്ക് നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നതായി അദ്ധ്യാപകർ പറയുന്നു. ഡി.ജിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി അദ്ധ്യാപകരെ ഡി.ഡി ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ധ്യാപകർ ആരോപിച്ചു. ഡി.ഡിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുപതോളം അദ്ധ്യാപകർ കലോത്സവ വേദിയിൽ ഡി.ഡിയോട് പ്രതിഷേധമറിയിച്ചത്. ഡി.ഡി വിസിറ്റേഴ്സ് ഡയറിയിൽ കുറിപ്പിട്ട പ്രകാരം ഡി.ജി.ഇ യുടെ നിർദ്ദേശം ഇക്കാര്യത്തിൽ ഉണ്ടോയെന്ന് നേരിട്ട് അന്വേഷിച്ചെങ്കിലും താൻ ഇങ്ങനെയൊരു അറിയിപ്പ് ഡി.ഡിക്ക് നൽകിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ധ്യാപകർ പറയുന്നു.