
പേരൂർക്കട: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കും ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കവർന്ന നാലംഗസംഘത്തെ മണ്ണന്തല പൊലീസ് പിടികൂടി. നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ കിരൺ (25), നിഥിൻ ബാബു (21), ചെഞ്ചേരി ലക്ഷംവീട് കോളനി ഹൗസ് നമ്പർ 99ൽ ജിഷ്ണു (23), മുക്കോലയ്ക്കൽ ശ്രീനഗർ പണ്ടാരവിള വീട്ടിൽ വൈഷ്ണവ് (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ 3.30നാണ് ആദ്യ കവർച്ച. നാലാഞ്ചിറ ഹൗസ് നമ്പർ 54 ഓലിക്കൽ വീട്ടിൽ ജോസ് ജേക്കബിന്റെ (50) പോർച്ചിൽ സൂക്ഷിച്ചിരുന്ന പാഷൻ പ്രോ ബൈക്കാണ് പ്രതികൾ കവർന്നത്. കാൽനടയായി എത്തിയ സംഘം ബൈക്ക് കവർന്ന് മുക്കോലയ്ക്കൽ വഴി ചൂഴമ്പാലയിലേക്കു വരികയായിരുന്നു. തുടർന്ന് ചൂഴമ്പാല ധർമ്മശാസ്താ ക്ഷേത്രത്തിനു മുൻവശത്തെ കാണിക്കവഞ്ചി തകർത്തശേഷം 2,000 രൂപ കവർന്നു. ബൈക്കിൽ രക്ഷപ്പെട്ട സംഘം നേരേ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് എത്തിയശേഷം ഇവിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നടത്തിയ അന്വേഷണത്തിൽ കിരൺ, നിഥിൻ ബാബു എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ലക്ഷംവീട് കോളനിയിലെത്തിയപ്പോൾ ഇവിടെവച്ച് ജിഷ്ണുവും വൈഷ്ണവും എസ്.ഐ സമ്പത്തിനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ യൂണിഫോം പ്രതികൾ വലിച്ചുനീറി. ആക്രമണത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രതികൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽക്കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.