1

ശ്രീകാര്യം: 'ഒരു മരം നടൂ. തണലുമാകും പഴവുമാകും' എന്ന ശ്രീനാരായണ ഗുരുദേവന്റെ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കാൻ ഗുരു വൃക്ഷം എന്ന പേരിൽ പൂമരത്തണൽ പ്രകൃതി കുടുംബം (ഇടുക്കി) നടത്തിവരുന്ന സൗജന്യ വൃക്ഷ വ്യാപന പരിസ്ഥിതി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്നു.

പൂമരത്തണൽ കോ-ഓർഡിനേറ്റർ സുനിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പഴന്തി ഗുരുകുലം ഇൻചാർജ് സ്വാമി അഭയാനന്ദ വൃക്ഷത്തൈ നട്ട് ഗുരു വൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ഷൈമോൻ തുറവൂർ, രാജപ്പൻ സ്വാമി മാന്നാർ, ഓഫീസ് മാനേജർ അഖിൽജി, കനകാംബരൻ, ആര്യ അശോകൻ,സുഷിത, അഭിമന്യു എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ സമാധി ദിനത്തിലാണ് ഗുരുവൃക്ഷം പദ്ധതിക്ക് പൂമരത്തണൽ തുടക്കമിട്ടത്. ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നിർവ്വഹിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നിരവധി ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരു വൃക്ഷം പരിപാടി നടന്നുവരുന്നു. ഗുരു വൃക്ഷത്തിനൊപ്പം കാവൽ മരം, കാവൊരുക്കൽ, പൂജയ്ക്കൊരു പൂജാമരം, അക്ഷരവൃക്ഷം, ആതുര വൃക്ഷം, തുടങ്ങി പല പേരുകളിലായി കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് അൻപത്തയ്യായിരത്തിലധികം വൃക്ഷത്തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു.