f

വിതുര: മലയോരത്ത് ക്രിസ്മസ് കഴിഞ്ഞിട്ടും ന്യൂഇയറിനെ പ്രതീക്ഷിച്ച് വ്യാജവാറ്റ് വില്പന തകൃതിയായി നടക്കുന്നതായി പരാതി. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിലെ വനമേഖലകളിലാണ് വാറ്റ് തകൃതിയായി നടക്കുന്നത്. ആദിവാസി സമൂഹത്തെ ചൂഷണം ചെയ്ത് ഊരുകളിൽ തമ്പടിച്ചാണ് മദ്യമാഫിയയുടെ ചാരായ നിർമ്മാണം. പൊന്മുടി, ബോണക്കാട് മലയടിവാരം വ്യാജമദ്യലോബിയുടെ പിടിയിലമർന്നിട്ട് നാളേറെയായി. ചാരായം കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് ഇവിടങ്ങളിൽ നിന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് കടത്തുന്നത്. എക്സൈസും പൊലീസും ഇടയ്ക്കിടെ റെയ്ഡുകൾ നടത്തി ചിലരെയെങ്കിലും പിടികൂടാറുണ്ടെങ്കിലും പുതിയ സംഘങ്ങൾ കൂണുപോലെ മുളച്ചുപൊന്തും. മലയോര മേഖലയിൽ നിരവധി ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചാരായത്തിനോടുള്ള പ്രിയം മുതലെടുക്കുകയാണ് ഇവർ. യുവാക്കളാണ് ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്ന കാരിയർമാർ.

 ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം പണം ലഭിക്കുന്നതാണ് ഇവരെ മദ്യമാഫിയയുടെ കെണിയിൽ വീഴ്ത്താൻ കാരണം. ബൈക്കുകളിൽ കറങ്ങിയും നാടൻ വിറ്റഴിക്കുന്നുണ്ട്. നിലവിൽ വേണ്ടത്ര രീതിയിൽ റെയ്ഡുകൾ നടത്തുന്നില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്.

ടൂറിസം മേഖലകളിലും നാടൻ സുലഭം

പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ, ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ചാരായം സുലഭമായി ലഭിക്കും. അടഞ്ഞുകിടന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമായതോടെ വാറ്റുകാരും കളത്തിൽ സ്ഥാനംപിടിച്ചു. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി പ്രത്യേകം ഏജന്റുകളും ഇവർക്കുണ്ട്. വില്പന കൊഴുപ്പിക്കുന്നതിനും സ്ത്രീകളെയും മദ്യമാഫിയ കളത്തിലിറക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾക്കിടയിൽ വിലകൂട്ടിയാണ് മദ്യം വിൽക്കുന്നത്.

 ഒരുകുപ്പിക്ക് 1500-2000 രൂപ

വിദേശമദ്യത്തിനൊപ്പം നാടൻ ചാരായത്തിനും ഡിമാൻഡ് ഏറെയാണ്. 1500 മുതൽ 2000 രൂപ വരെയാണ് കുപ്പി നാടൻ ചാരായത്തിന്റെ വില. ആഘോഷങ്ങളുടെ കാലയളവിൽ മദ്യമാഫിയ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് മലയോരത്തുനിന്ന് കൊയ്യുന്നത്. എക്സൈസും പൊലീസും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇക്കൂട്ടരെ അമർച്ചചെയ്യാൻ കഴിഞ്ഞിട്ടില്ല. നാടൻചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. ചാരായത്തിന് ഡിമാൻഡ് വർദ്ധിച്ചത് മലയോരമേഖലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയും കുറയാൻ കാരണമായിട്ടുണ്ട്. ഇതിന് പുറമേ കഞ്ചാവും,എം.ഡി.എം.എയും വൻതോതിൽ വിറ്റഴിക്കുന്നുണ്ട്.