f

 വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം കല്ലാറിൽ

വിതുര: പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമാകുന്നതായി പരാതി. മിക്ക ദിവസങ്ങളിലും കാട്ടാനകൾ നാശവും ഭീതിയും പരത്തുന്നുണ്ട്. കല്ലാർ, മൊട്ടമൂട്, അല്ലത്താര, ചണ്ണനിരവട്ടം, ചാമക്കര, ആറാനക്കുഴി, മംഗലകരിക്കകം, ചെമ്പിക്കുന്ന്, മുരുക്കുംകാല, ഇലവിൻമൂട്, വേങ്ങാതാര, ചാരുപാറ, കല്ലൻകൂടി, കെമ്പ്രാംകല്ല്, ആനപ്പാറ എന്നീ മേഖലകളിലാണ് കാട്ടാനശല്യം വർദ്ധിച്ചത്. മഴയായതോടെയാണ് ആനകൾ കൂട്ടത്തോടെ ആദിവാസി ഊരുകളിൽ എത്തിത്തുടങ്ങിയത്. കല്ലാർ, ആനപ്പാറ, പൊൻമുടി മേഖലകളിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ ഭീതിയും നാശവും പരത്തി വിഹരിക്കുകയാണ്.

വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20ന് രാവിലെ 10ന് വിതുര ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും. കല്ലാർ റസിഡന്റ്സ് പ്രസിഡന്റ് കല്ലാർ ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിക്കും.

പുറത്തിറങ്ങാൻ വയ്യ

കാട്ടാനശല്യം മൂലം സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. പകൽസമയത്തുപോലും കാട്ടാനകൾ എത്തുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കൃഷി ചെയ്തിരുന്ന തെങ്ങ്, കമുക്, വാഴ, ചേന, ചേമ്പ്, മരച്ചിനി,​ കാച്ചിൽ, ഇടവിള കൃഷികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. കാട്ടുമൃഗശല്യം മൂലം കൃഷി അന്യമായിക്കഴിഞ്ഞു. കാട്ടാനശല്യത്താൽ ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾ സ്കൂളിൽ പോകാനും ബുദ്ധിമുട്ടുന്നു.

 കൃഷിയും അന്യം

കല്ലാർ, തലത്തൂതക്കാവ് സ്കൂളിന്റെ മുന്നിൽവരെ കാട്ടാനകൾ എത്തുന്നുണ്ട്. പൊൻമുടി റോഡിൽവരെ കാട്ടാനകൾ മാർഗതടസം സൃഷ്ടിക്കുന്നു. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്തും, പന്നിയും, പുലിയും, കരടിയും വരെ നാശവും ഭീതിയും പരത്തുന്നുണ്ട്. മിക്ക മേഖലകളിലും കൃഷി അന്യമായിക്കഴിഞ്ഞു. കാട്ടുമൃഗശല്യത്തെ തുടർന്ന് കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

 വൈദ്യുതിവേലിക്കും ഷോക്ക്

കല്ലാർ മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടാൻ ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും മിക്കമേഖലയിലും ഇനിയും സ്ഥാപിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ സ്ഥാപിച്ച വൈദ്യുതിവേലി ഉപയോഗശൂന്യമായി. വൈദ്യുതിവേലിക്കും ആനക്കിടങ്ങിനും വേണ്ടി കല്ലാർ നിവാസികൾ അനവധി തവണ സമരം നടത്തിയിട്ടുണ്ട്. മന്ത്രിക്കും നിവേദനം നൽകി. മാത്രമല്ല കാട്ടാനയുടെ ആക്രമണത്തിൽ കല്ലാർ മേഖലയിൽ അനവധി പേർ മരണപ്പെട്ടിട്ടുമുണ്ട്.