
തിരുവനന്തപുരം: കുച്ചിപ്പുടിയിൽ സബ്‌ജില്ലയിൽ ഒന്നാംസ്ഥാനം നഷ്ടമായെങ്കിലും അപ്പീൽ വഴി ജില്ലയിൽ മത്സരിക്കാനെത്തി ഒന്നാം സ്ഥാനം നേടി ഗൗരിനന്ദ. അപ്പീലിൽ മത്സരിച്ച ഭരതനാട്യത്തിൽ എ ഗ്രേഡുമുണ്ട്.
ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഈ മിടുക്കി ഒന്നാമതെത്തിയപ്പോൾ അനുജത്തി ശ്രീനന്ദയ്‌ക്കാണ് യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഗോപാലകൃഷ്ണൻ നായരും അമ്മ മഞ്ചുവും മക്കളുടെ മുന്നേറ്റങ്ങൾക്ക് തണലാകുന്നത്. മോഹിനിയാട്ടത്തിൽ പങ്കെടുത്ത രണ്ടുപേർക്കുമായി ഒരൊറ്റ വേഷം വാങ്ങാനേ പണമുണ്ടായിരുന്നുള്ളൂ.
ഒരേവേഷം മാറിയിട്ട് അരങ്ങിലെത്തിയ മക്കളാകട്ടെ ഒന്നാംസ്ഥാനവുമായി തിളങ്ങി. പരിശീലനത്തിനും വേഷത്തിനുമായി രണ്ടരലക്ഷത്തിലധികം രൂപ കടംവാങ്ങിയിരുന്നു. വീടിനുവേണ്ടി പാറശാല ജില്ലാ സഹകരണബാങ്കിൽ നിന്നെടുത്ത ഏഴ് ലക്ഷത്തിന്റെ വായ്‌പയുമുണ്ട്. ഒമ്പതാം ക്ലാസ് മുതൽ ഗൗരിനന്ദയ്ക്ക് നാഷണൽ മീൻസ് മെരിറ്റ് സ്‌കോളർഷിപ്പും രണ്ടുവർഷമായി ഇരുവർക്കും സംഗീത നാടക അക്കാഡമിയുടെ സ്‌കോളർഷിപ്പുമുണ്ട്. അഞ്ചിനങ്ങളിലാണ് ഗൗരിനന്ദ മത്സരിച്ചത്. പാറശാല ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസുകാരിയാണ് ഗൗരിനന്ദ. ശ്രീനന്ദ ഏഴാം ക്ലാസിലാണ്.