
ആറ്റിങ്ങൽ: മന്ത്രി അപ്പൂപ്പ, ഞങ്ങളുടെ സ്കൂളിലേക്ക് പോരൂ... ഒരു കാര്യം കാട്ടിത്തരാം. ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ഭാർഗവീനിലയത്തിന് തുല്യം.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒരു യോഗത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സമാനമാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് എത്തിയ കുരുന്നുകൾ മന്ത്രിയുടെ പ്രസ്താവന കേട്ട് സ്കൂൾ പരിസരം കാണാൻ ക്ഷണിക്കുന്നത്.
സ്കൂളിലെ നാലിലധികം കെട്ടിടങ്ങൾ നിലവിൽ തകർന്ന നിലയിലാണ്. അപകടമുറപ്പായതോടെ അവ പൂട്ടിയിട്ടു. പല കെട്ടിടങ്ങളും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ. അപകടം മുന്നിൽക്കണ്ട് പല സ്ഥലത്തും അപായസൂചന സ്റ്റിക്കറും പതിപ്പിച്ചു. മാറാലകൾ നിറഞ്ഞ് മേൽക്കൂരകൾ തകർന്നതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രധാന കെട്ടിടം. ന്യൂ ഹാൾ, കൈരളി ബ്ലോക്ക്, എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിക്കുന്ന നാലാമത്തെ കെട്ടിടം എന്നിവ അപകടാവസ്ഥയിലാണ്. നാലുകെട്ടിടങ്ങളും ഓട് മേഞ്ഞതാണ്. എല്ലാ കെട്ടിടങ്ങളിലും ഓട് പൊട്ടിക്കിടക്കുന്നതിനാൽ മഴവെള്ളം ക്ലാസിലെത്തും. ഇതിനെ ഫൈവ് സ്റ്റാർ സൗകര്യം എന്ന് വിളിക്കാനാകുമോ എന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചോദിക്കുന്നത്.
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അടക്കം നാലു വിഭാഗങ്ങളിലായി 2500ന് മുകളിൽ കുട്ടികളും നൂറിൽപ്പരം അദ്ധ്യാപകരുമടക്കം അനേകം ജീവനക്കാർ ഈ സ്കൂളിലുണ്ട്. ആറ്റിങ്ങൽ പട്ടണത്തിലെ പഴക്കം ചെന്ന പ്രധാന സ്കൂളുകളിൽ ഒന്നാണിത്.