തിരുവനന്തപുരം: 10 വർഷമായി പൂട്ടിയിട്ടിരുന്ന കുന്നുകുഴിയിലെ അറവുശാല നിർമ്മാണം നീളും. 75 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് കരാർ കമ്പനിയായ കെൽ ജോലികൾ നിറുത്തിയിരുന്നു. എന്നാൽ പ്രശ്‌നം ഒരുവിധം അവസാനിക്കുന്ന ഘട്ടമായപ്പോഴാണ് വീണ്ടും പ്രതിസന്ധിയുണ്ടായത്.
അറവുശാലയിൽ നിർമ്മിക്കേണ്ട മാലിന്യ സംസ്കരണ പ്ളാന്റിന്റെയും ബയോ ഫിൽറ്ററിന്റെയും സാങ്കേതികാനുമതി മാസങ്ങളായി നീളുകയാണ്. തീരുമാനമെടുക്കേണ്ട ശുചിത്വ മിഷൻ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്നാണ് നഗരസഭയുടെ വിശദീകരണം. മാർച്ചിൽ സാങ്കേതികാനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ സിവിൽ വർക്കുകൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. മറ്റ് ജോലികളുടെ അനുമതിക്ക് ഇനിയും മാസങ്ങൾ കാത്തിരിക്കണം. 2.49 കോടി രൂപയുടെ ജോലികൾക്കുള്ള അനുമതി നൽകുന്നതിനാണ് ശുചിത്വ മിഷനിൽ നഗരസഭ അപേക്ഷ നൽകിയത്. എന്നാൽ 47.6 ലക്ഷം രൂപയുടെ ജോലികൾക്ക് മാത്രമേ എട്ടുമാസമായിട്ടും അനുമതിയുള്ളൂ.
സ്വന്തം ഫണ്ട് ഉപയോഗിക്കാം
നഗരസഭകൾക്ക് പ്രത്യേകം പദ്ധതികൾക്കുവേണ്ടി കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടാണ് ടൈഡ് ഫണ്ട്. ഈ പദ്ധതിയിലുള്ള കേന്ദ്ര സർക്കാരിന്റെ 75 ലക്ഷം രൂപ ടൈഡ് ഫണ്ട് ഇതുവരെ നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തുക നൽകുന്നതിൽ തടസമുണ്ടായ അവസരം മുതലാക്കിയാണ് കെൽ ജോലികൾ നിറുത്തിവച്ചത്. തർക്കം സംബന്ധിച്ച് കെല്ലുമായി നഗരസഭ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ജോലിചെയ്യാൻ കമ്പനി തയ്യാറാകുന്നില്ല. നഗരസഭയുടെ ഓൺഫണ്ടിൽ നിന്ന് തുക കെല്ലിന് നൽകി ജോലികൾ ചെയ്യാനാണ് ആലോചന. ടൈഡ് ഫണ്ട് ലഭിക്കുമ്പോൾ അത് ഓൺഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കാം.
അടുത്തവർഷം തീരുമോ
2019ൽ പുനർനിർമ്മാണം ആരംഭിച്ച അറവുശാല നിർമ്മാണം കൊവിഡ് കാരണം മുടങ്ങി. പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ 2022ൽ ജോലികൾ തീർക്കുമെന്നാണ് പറഞ്ഞത്. 2023ൽ തീർക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രഖ്യാപിച്ചിട്ടും ജോലികൾ നിറുത്തിവച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അറവുശാല തുറക്കണമെങ്കിൽ ചുരുങ്ങിയത് ഒരുവർഷമാകും. നഗരത്തിൽ അറവുമാലിന്യ നിക്ഷേപം വർദ്ധിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ കാരണം നിർമ്മാണം നീളുന്നത്. ആരോഗ്യവിഭാഗം ചെയർപേഴ്സണുമായി മേയർക്കുള്ള അസ്വാരസ്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണം വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്താറില്ലെന്നാണ് ആക്ഷേപം.