ശിക്ഷ വിധിച്ചത് കാട്ടാക്കട അതിവേഗ പോക്സോ കോടതി
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെരുമ്പഴുതൂർ കീളിയോട് ജയഭവനിൽ (പിന്റു ഭവൻ) ബ്രിട്ടോ വി. ലാൽ (28) നെയാണ് ശിക്ഷിച്ചത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്‌കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒൻപത് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.
2010ലാണ് കേസിന് ആസ്‌പദമായ സംഭവം. കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ബ്രിട്ടോയുടെ അമ്മയെ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.