തിരുവനന്തപുരം: ചുറുചുറുക്കിന്റെ ചുവടുകളുമായി വേദികളിൽ നിന്ന് വേദികളിലേക്ക് സുമതിയമ്മ എന്ന മുത്തശ്ശി! എൺപത്തിയാറുകാരിയായ സുമതിയമ്മ കേരളനടനം മത്സരവേദിക്ക് മുന്നിൽ താളമിട്ടും കൈയടിച്ചും ഉത്സാഹത്തിലായിരുന്നു. ആറ്റിങ്ങൽ മിഷൻമുക്ക് സ്വദേശിയായ മുത്തശ്ശി ആദ്യദിനം മുതൽ കലോത്സവ വേദികൾക്കരികിൽ സജീവമാണ്. നൃത്തമത്സരങ്ങൾ കാണാനാണ് ഉത്സാഹം. കുട്ടിക്കാലത്ത് നൃത്തം പഠിക്കാൻ കഴിയാത്തതിന്റെ വിഷമം അങ്ങനെയെങ്കിലും തീരട്ടെയെന്ന് സുമതിയമ്മ പറയുന്നു.' വിഷമിക്കേണ്ട ഞാൻ പഠിപ്പിക്കാം അതിനുള്ള താളബോധമൊക്കെ മുത്തശ്ശിക്കുണ്ട്' - അടുത്തിരുന്ന നൃത്താദ്ധ്യാപിക സ്നേഹവാഗ്ദാനം നൽകി.' അയ്യോ ....വേണ്ട മോളെ അതിനുള്ള ആരോഗ്യമൊന്നും എനിക്കില്ല. കൊച്ചുമക്കളെ പഠിപ്പിച്ചോളാം' മുത്തശ്ശിയുടെ മറുപടി കേട്ട് സദസിൽ കൂട്ടച്ചിരി.