
റുവൈസിനെതിരെ വ്യക്തമായ തെളിവുകൾ
വാട്സാപ്പ് ചാറ്റുകൾ നിർണായകമായി
വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നു
തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ സഹപാഠിയും മെഡിക്കൽ കോളേജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന ഡോ. ഇ.എ. റുവൈസ് അഴിക്കുള്ളിലായി. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് റുവൈസ്.
മെഡിക്കൽ കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയായ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായത് ഡോ. റുവൈസ് ആണെന്നാണ് പരാതി. ഇയാൾ വിവാഹവാഗ്ദാനം നൽകുകയും സ്ത്രീധനത്തിന്റെ പേരിൽ ഷഹനയെ മാനസിക സംഘഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും വാട്സാപ്പ് ചാറ്റുകളും ഉൾപ്പെടെ വ്യക്തമായ തെളിവുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആത്മഹത്യാപ്രേരണാകുറ്റം (ഐ.പി.സി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ-4 എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിൽ റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രിയാണ് വാടക ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. റുവൈസിന്റെ പേര് പരാമർശിക്കുന്ന ആത്മഹത്യാകുറിപ്പിൽ സ്ത്രീധനത്തിനുവേണ്ടിയുള്ള പ്രതിയുടെ ആർത്തിയാണ് പ്രകടമാകുന്നത്. ആത്മഹത്യാകുറിപ്പിൽ ആരുടെയും പേരില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പ്രതിയുടെ പേരും പങ്കും ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തി.
ബുധനാഴ്ച രാത്രി 11ഓടെ കരുനാഗപ്പള്ളി മീൻമുക്ക് മദ്രസയ്ക്ക് സമീപം ഇടയില വീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. രാത്രി രണ്ടോടെ സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാവിലെ 11.30ന് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനോട് ആദ്യം നിസഹകരിച്ചെങ്കിലും ആത്മഹത്യാകുറിപ്പിലെ കാര്യങ്ങൾ ചോദിച്ചതോടെ ഉത്തരംമുട്ടി. ഇയാളുടെ ഫോൺ പിടിച്ചെടുത്ത് വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചെങ്കിലും ഷഹനയുടെ മരണത്തിനുശേഷം ചാറ്റുകൾ ഭൂരിഭാഗവും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഫോൺ കോടതിയിൽ ഹാജരാക്കി. ഷഹനയുടെ മൊബൈൽ ഫോണിൽ നിന്ന് റുവൈസിന് അയച്ച വാട്സാപ്പ് മെസേജുകൾ നിലവിലുണ്ട്. ആത്മഹത്യാകുറിപ്പിന് സമാനമായ കാര്യങ്ങളാണ് ഈ മെസേജുകളിൽ ഉള്ളത്.
ഡോ.ഷഹനയുടെ സഹോദരൻ ജാസിംനാസ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഷഹനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസാണ് വീട്ടിൽ വന്നതെന്ന ഷഹനയുടെ മാതാവ് ജലീല ബീവിയുടെ മൊഴി ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കുറ്റം തെളിഞ്ഞാൽ ഡോക്ടറല്ലാതാകും
അറസ്റ്റിലായതിനു പിന്നാലെ റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി വീണാജോർജ് നിർദ്ദേശം നൽകിയിരുന്നു. കുറ്റം തെളിഞ്ഞാൽ പ്രതിയുടെ എം.ബി.ബി.എസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമേൽ പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നുമുള്ള സത്യവാങ്‌മൂലം മെഡിക്കൽ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് ഒപ്പിട്ടു വാങ്ങും. ഇത് ലംഘിച്ചതായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ട്.
ഷഹനയും റുവൈസും തമ്മിൽ സാമ്പത്തികകാര്യങ്ങൾ സംസാരിച്ചു.റുവൈസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. അതു കിട്ടില്ലെന്നായതോടെ റുവൈസ് ബന്ധത്തിൽ നിന്ന് പിന്മാറാൻ തുടങ്ങി. ഇതോടെ ഷഹന ഡിപ്രഷനിലായി. കല്യാണം നടക്കില്ലെന്ന സാഹചര്യത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്.പ്രതിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്.
-നിധിൻ രാജ്.പി
ഡി.സി.പി
തിരുവനന്തപുരം