ആറ്റിങ്ങൽ: വിധിനിർണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്‌തു. ഒടുവിൽ പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. ഹൈസ്‌കൂൾ വിഭാഗം പരിചമുട്ട് കളിയുടെ ഫലപ്രഖ്യാപനം വന്നപ്പോഴാണ് ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ വേദിക്ക് മുന്നിൽ സംഘർഷാവസ്ഥയുണ്ടായത്.

മത്സരാർത്ഥികളും ചില അദ്ധ്യാപകരും വിധികർത്താക്കൾക്ക് നേരെ നീങ്ങിയതോടെ പൊലീസും സംഘാടകരും ഇവരെ തടഞ്ഞു. മത്സരാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും അദ്ധ്യാപകർ പിന്തിരിയാൻ തയ്യാറായില്ല. ഇതിനിടെ മത്സരാർത്ഥികളിൽ ചിലർ മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ മീഡിയ സെന്ററിലെത്തി മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.

തുടർന്ന് ബന്ധപ്പെട്ട വിദ്യാലയത്തിലെ അദ്ധ്യാപകരെത്തി മാദ്ധ്യമ പ്രവർത്തരോട് മാപ്പ് പറഞ്ഞു. പരിചമുട്ട് കളി നടക്കവേ പരിശീലകൻ മത്സരാർത്ഥിയെ വിധികർത്താക്കൾക്ക് പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ മറ്റു സ്‌കൂളുകളിലുള്ളവർ ഡി.ഡിക്ക് പരാതി നൽകി.