വെള്ളനാട്: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചതിനു പിന്നാലെ കിണറ്റിൽ ചാടിയ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളനാട് പിരമ്പിൻകോണം അനൂപ് അവന്യ സുനു ഭവനിൽ വിജയ സുധാകരൻ (70) ആണ് ഭാര്യ വിജയ കുമാരിയെ (64)വെട്ടിപ്പരിക്കേല്പിച്ചത്. തുടർന്ന് ഭർത്താവ് കിണറ്റിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി 8.30ഒാടെ ആണ് സംഭവം. വിജയകുമാരി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നെങ്കിലും വിജയ സുധാകരൻ ഇന്നലെ മരിച്ചു. വിജയകുമാരി ഇന്നലെ രാവിലെ 11 ഒാടെ ആശുപത്രി വിട്ടു. മക്കൾ: സുനന്ദ (ആശാവർക്കർ), സുനിൽ. മരുമകൻ: ടി. സനൽ (ഗ്രേഡ് എസ്.ഐ).
ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് വിജയ സുധാകരൻ പറഞ്ഞിരുന്നതായി ബന്ധുക്കൾ. വർഷങ്ങളായി വെള്ളനാട് ടൗണിൽ ടെക്സ്റ്റയിൽസ് നടത്തിയിരുന്ന ആളായിരുന്നു വിജയ സുധാകരൻ. കൊവിഡ് വന്നതോടെ കടം കയറി. സ്വർണം വിറ്റും ബന്ധുക്കളിൽ നിന്നു കടം വാങ്ങിയും കടം വീട്ടി. ഇതിനിടയിൽ പണം നൽകിയ ബന്ധു കോടതിയെ സമീപിച്ച് വസ്തുക്കൾ കോടതി മുഖാന്തരം അറ്റാച്ച് ചെയ്തു. ഇതിന് ശേഷമാണ് ഭാര്യയെ വെട്ടിയ ശേഷം വിജയ സുധാകരൻ ആത്‌മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.