ആറ്റിങ്ങൽ: ഹയർസെക്കൻഡറി വിഭാഗത്തിൽ ബി.എസ്. ഋതുവർണനും ഹൈസ്‌കൂൾ വിഭാഗത്തിൽ പി.വി.കൈലാസ് നാഥിനും മൂന്നു വീതം വിജയം.കടുത്ത മത്സരം നടന്ന നൃത്ത ഇനങ്ങളിലായിരുന്നു ഇവരുടെ വിജയം.കേരളനടനം, ഭരതനാട്യം, കുച്ചുപ്പുടി ഇനങ്ങളിലാണ് ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഋതുവർണൻ ജയിച്ചത്.വെള്ളായണി ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കൈലാസ് നാഥ്.ഭരതനാട്യം,ഓട്ടൻതുള്ളൽ, കേരള നടനം എന്നീ ഇനങ്ങളിലാണ് സമ്മാനം നേടിയത്.സി.ബി.എസ്.ഇ വിദ്യാർത്ഥിയായിരുന്ന കൈലാസ് നാഥ് അത് വിട്ടാണ് സ്റ്റേറ്റ് സിലബസിലേക്ക് വന്നത്.കൈമനം പവിത്രത്തിൽ പ്രേംനാഥിന്റെയും വിദ്യയുടെയും മകനാണ്.മൃദംഗത്തിൽ മൂന്നാംതവണയും ഒന്നാമനായി ഭഗത് .പ്ലസ് ടു വിദ്യാർത്ഥിയായ എസ്.ഭഗത് നാരായണൻ തുടർച്ചയായ മൂന്നാം തവണയാണ് മൃദംഗത്തിൽ ഒന്നാമതെത്തുന്നത്.എട്ടാം ക്ലാസിലും തുടർന്ന് പ്ലസ് വണിലുമാണ് ആദ്യത്തെ രണ്ടുതവണ ഭഗത് ഒന്നാംസ്ഥാനം നേടിയത്.കൊവിഡ് കാരണം ഇടയ്ക്ക് രണ്ടുവർഷം കലോത്സവം നടന്നിരുന്നില്ല.വഴുതയ്ക്കാട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ഭഗത്.അമ്മാവനായ മനേഷ് കുമാറായിരുന്നു ആദ്യഗുരു. വഞ്ചിയൂർ വടയക്കാട് ശ്രീനിവാസൻ പോറ്റിയുടെയും വിദ്യാചന്ദ്രന്റെയും മകനാണ്.