
തിരുവനന്തപുരം: പേട്ട കല്ലുമ്മൂടിന് സമീപം പുതിയതായി ആരംഭിച്ച ഹോട്ടലിൽ പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി ആളിപടർന്നത് ആശങ്കയ്ക്കിടയാക്കി. ഹോട്ടൽ ജീവനക്കാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീയാളി പടർന്നു. ഷീറ്റ് മേഞ്ഞ മേൽക്കൂര വരെ തീ പടർന്നു. നാട്ടുകാർ ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ചാക്ക ഫയർഫോഴ്സ് നിലയത്തിൽ ഡ്യൂട്ടിക്കായി പോവുകയായിരുന്ന മധുമുക്ക് സ്വദേശിയായ ഹരിലാൽ ഇതു കാണുകയും സമയോചിതമായ ഇടപെടലിലൂടെ നനഞ്ഞ തുണി തീയുടെ മുകളിലൂടെ പലതവണ ചുറ്റി തീ അണച്ചു.അപ്പോഴേക്കും ചാക്കയിൽ നിന്ന് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് തീ പൂർണമായും കെടുത്തി.തീപിടിത്തത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായില്ല. ഹോട്ടലിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു.സമയോചിതമായി ഇടപെട്ട് തീ അണച്ച ഹരിലാലിനെ നാട്ടുകാർ അഭിനന്ദിച്ചു.