തിരുവനന്തപുരം: ചുറുചുറുക്കോടെ ഡോക്ടർമാരും വിദ്യാർത്ഥികളും ഓടിനടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഇന്നലെ പതിവില്ലാതെ മൂകത തളംകെട്ടിനിന്നു. വൈകിട്ടോടെ വിദ്യാർത്ഥികൾ ഒറ്റയായും കൂട്ടമായും എത്തി. കോളേജിലെ സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിയായിരുന്നു ആത്മഹത്യ ചെയ്ത ഡോ.ഷഹന. പി.ജി അസോസിയേഷൻ നടത്തിയ അനുസ്മരണത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമ്മകൾക്ക് മുന്നിൽ വിദ്യാർത്ഥികൾ വാക്കുകൾ കിട്ടാതെ വിതുമ്പി. ഷഹന നടന്ന വഴിയിൽ, ഇരുന്ന പടിയിൽ, സുഹൃത്തുക്കളുമൊത്ത് സല്ലപിച്ച പൂന്തോട്ടത്തിൽ അവർ മെഴുകുതിരികൾ തെളിച്ചു. എല്ലാത്തിനും സാക്ഷിയായി ഷഹനയുടെ ഫ്രെയിം ചെയ്ത ചിത്രം. 'എനിക്ക് രണ്ട് പെൺമക്കളാണ്. ആ കുട്ടി എത്രയധികം സമ്മർദ്ദം നേരിട്ടുകാണും.' കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.റോസ്നാരോ വിതുമ്പി. പ്രാക്ടിക്കലും വാർഡ് ഡ്യൂട്ടിയും മാറ്റിവച്ച് നൂറുകണക്കിന് വിദ്യാത്ഥികളാണ് ഒത്തുകൂടിയത്.
ഡോക്ടർമാർക്കും വേണം
മാനസികാരോഗ്യം
ഡോക്ടർമാരിലെ ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മെന്ററിംഗ് സിസ്റ്റം രൂപീകരിക്കുമെന്ന് പി.ജി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 30 സീനിയർ ഫാക്യുൾട്ടിമാർ ഇതിനായി പ്രവർത്തിക്കും. മൂന്ന് പി.ജി വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക് മെന്ററിംഗ് നൽകും. ഹെല്പ്ഡെസ്കും പ്രവർത്തിക്കും. അടുത്തയാഴ്ചയോടെ പദ്ധതി സജ്ജമാക്കും.
ഒരു മകളില്ലാത്തതിൽ എന്നും വേദനിച്ചിട്ടുണ്ട്. ആ കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ട് ഉറങ്ങാൻ സാധിച്ചിട്ടില്ല.
ഡോ.നിസാറുദ്ദീൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട്
ഐ.സി.യുവിലും വാർഡിലും ഉത്സാഹത്തോടെ ഓടിനടന്ന എന്റെ ജൂനിയറായിരുന്നു ഷഹന. നീറ്റ് പരീക്ഷയും കോച്ചിംഗുമായി ജീവിതത്തിന്റെ വലിയ പങ്ക് അവൾ കഷ്ടപ്പെട്ടു. മാനസികസമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികളെ ചേർത്തുപിടിക്കണം.
ഡോ.ഫിലിപ്പ്. കെ.ജി.എം.എ ജില്ലാ സെക്രട്ടറി
അദ്ധ്യാപിക എന്ന നിലയ്ക്ക് വലിയ കുറ്റബോധം തോന്നുന്നു. ഇത്തരത്തിലൊന്ന് ഇനിയിവിടെ നടക്കാതിരിക്കട്ടെ.
ഡോ.കവിത, ഐ.എം.എ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക് ചെയർപേഴ്സൺ
ആയിരം രോഗികളെ കേൾക്കുന്ന നമ്മളെ കേൾക്കാനും ഒരാളുവേണം. അന്വേഷണത്തോട് അസോസിയേഷൻ പൂർണമായും സഹകരിക്കും
ഡോ.ആതിര, പി.ജി അസോസിയേഷൻ ഭാരവാഹി
വിവാഹം സാമ്പത്തികത്തിനു വേണ്ടിയാവരുത്.
ഡോ.ആർ.സി.ശ്രീകുമാർ, കെ.ജി.എം.സി.ടി.എ ജില്ലാ പ്രസിഡന്റ്