തിരുവനന്തപുരം: ഉദ്ഘാടനത്തിന് വി.ഐ.പിയല്ല, ശുചീകരണത്തൊഴിലാളി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ പുതിയ എ.സി കാത്തിരിപ്പ് കേന്ദ്രമാണ് സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളിയായ ഷീന ഉദ്ഘാടനം ചെയ്തത്. എ.സി കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തിയാക്കിയ കരാറുകാരാണ് ശുചീകരണത്തൊഴിലാളിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. ചടങ്ങിന്റെ വിശദാംശങ്ങൾ ഫേസ് ബുക്കുൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നതോടെ വൻ പ്രതികരണമായിരുന്നു. ഒൗദ്യോഗിക ചടങ്ങായിരുന്നില്ല ഇതെന്നാണ് റെയിൽവേയുടെ വിശദീകരണം. കഴിഞ്ഞ മാസം എറണാകുളം റെയിൽവേ സ്റ്റേഷനിലെ പുതിയ കാന്റീനിന്റെ ഉദ്ഘാടനവും ഇത്തരത്തിൽ ശുചീകരണ ത്തൊഴിലാളിയാണ് നടത്തിയത്. അതും രണ്ടും കൈയും നീട്ടിയാണ് സോഷ്യൽ മീഡിയയിൽ സ്വീകരിക്കപ്പെട്ടത്.