exposat

തിരുവനന്തപുരം:ബഹിരാകാശത്തെ ഉൗർജ്ജ ഉറവകൾ തേടി ഇന്ത്യയുടെ എക്സ്പോസാറ്റ് ശാസ്ത്രഉപഗ്രഹം 28ന് വിക്ഷേപിക്കും. മുമ്പ് അമേരിക്ക മാത്രമാണ് ഇത്തരം ഉപഗ്രഹം അയച്ചിട്ടുള്ളത്.

നാസയുടെ ഇമേജിംഗ് എക്സറേ പോളാരിമെട്രി എക്സ്‌‌പ്ലോറർ 2021ഡിസംബർ ഒന്നിനാണ് വിക്ഷേപിച്ചത്. അത് ബഹിരാകാശത്തുണ്ട്. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങൾ വിജയിപ്പിച്ച ശേഷമാണ് ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യം.ഇൗ വർഷത്തെ അവസാനത്തെ വിക്ഷേപണമാണിത്.

സൂപ്പർനോവ,ബ്ളാക്ക് ഹോൾ,പൾസാറുകൾ തുടങ്ങി ആകാശത്ത് തിളങ്ങുന്ന അൻപതോളം ഉൗർജ്ജ ഉറവകൾ,കോസ്മിക് എക്സ്റേ തുടങ്ങിയവയെ കുറിച്ചാണ് എക്സ്പോസാറ്റ് ( എക്സ് റേ പോളാരിമീറ്റർ സാറ്റലൈറ്റ് )​ പഠിക്കുക. പോളിക്സ് (പോളാരി മീറ്റർ ഇൻസ്ട്രുമെന്റ് ഇൻ എക്സ് റേയ്സ്), എക്സ്‌ സ്പെക്ട് (എക്സ് റേ സ്‌പെക്‌ട്രോസ്‌കോപ്പി ആൻഡ് ടൈമിങ്) എന്നീ രണ്ട് ഉപകരണങ്ങളാണുള്ളത്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യു.ആർ.റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണിത് തയ്യാറാക്കിയത്.ഭൂമിയെ ലക്ഷ്യമാക്കി വരുന്ന കോസ്മിക് എക്സ്റേകളുടെ ഉറവിടങ്ങൾ,അതിന്റെ ശക്തി,അത് ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങൾ, ഭൂമിക്ക് ചുറ്റുമുള്ള വൈദ്യുത - കാന്തിക തരംഗങ്ങൾ,അത് പ്രയോജനപ്പെടുത്താവുന്ന രീതികൾ,പ്രപഞ്ചപരിണാമത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഇതിലൂടെ പഠിക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽനിന്ന് പി.എസ്.എൽ.വി. റോക്കറ്റിലാണ് എക്സ്പോസാറ്റ് വിക്ഷേപണം.വിക്ഷേപണസമയം പിന്നീട് പ്രഖ്യാപിക്കും.480 കിലോ ഗ്രാം ഭാരമുള്ള പേടകത്തെ ഭൂമിയുടെ 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക.അഞ്ചുവർഷമാണ് കാലാവധി.