k

ഗാസയിലെ യുദ്ധം രണ്ടുമാസം പിന്നിട്ടിരിക്കെ അടിയന്തര വെടിനിറുത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ഗുട്ടെറസ് യു.എൻ രക്ഷാസമിതിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. യു.എൻ ചാർട്ടറിലെ 99-ാം വകുപ്പ് പ്രകാരമുള്ള വിശേഷാധികാരം ഉപയോഗിച്ചാണ് ഈ ഇടപെടൽ. എട്ടാഴ്ച പിന്നിട്ട ഗാസ യുദ്ധം സ്‌ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൻ ദുരിതവും ജീവഹാനിയും നാശനഷ്ടവും ഉണ്ടാക്കിയെന്നും ഇത് തുടർന്നാൽ വൻ മാനുഷിക ദുരന്തം ആസന്നമാണെന്നും അതിനാൽ രക്ഷാസമിതി ഇടപെടണമെന്നുമാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

ഇടയ്ക്കുള്ള ഒരു ചെറിയ വിരാമം ഒഴികെ നിറുത്താതെ തുടരുന്ന ബോംബാക്രമണങ്ങളിലും കരയുദ്ധത്തിലും 17,177 പേർ മരണമടഞ്ഞതായാണ് കണക്കാക്കുന്നത്. 46,000 ത്തോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. യുദ്ധത്തിൽ ആശുപത്രികളും തകർന്നതിനാൽ ചികിത്സ പോലും ലഭിക്കാതെ ആയിരങ്ങൾ നരകയാതന അനുഭവിക്കുന്നു. ഖാൻ യൂനുസിലും പരിസരപ്രദേശങ്ങളിലും യുദ്ധവിമാനങ്ങളും സൈനിക ടാങ്കുകളും തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസുകൾക്കു പോലും കടന്നുചെല്ലാനാകാത്ത വിധം രൂക്ഷമാണ് തെക്കൻ ഗാസയിലെ യുദ്ധഭൂമി.

ഈ സന്ദർഭത്തിൽ യു.എൻ സെക്രട്ടറി ജനറലിന്റെ ഇടപെടലിനെ ലോക രാജ്യങ്ങളിൽ ഭൂരിപക്ഷവും സ്വാഗതം ചെയ്യാതിരിക്കില്ല. എന്നാൽ ഈ ഇടപെടലിന് ഏറ്റവും പ്രധാനം രക്ഷാസമിതിയിലെ അംഗ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ നിലപാടായിരുന്നു.പക്ഷെ നിരാശാജനകമെന്നു പറയട്ടെ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു . ഹമാസ് നടത്തിയ ആക്രമണത്തിന് മതിയായ തിരിച്ചടി ഇസ്രയേൽ ഇതിനകം നൽകിക്കഴിഞ്ഞു. എന്നാൽ ഗാസയെ ഭൂപടത്തിൽ നിന്ന് നീക്കിയിട്ടേ അടങ്ങൂ എന്ന രീതിയിലാണ് ഇസ്രയേൽ മുന്നോട്ടു പോകുന്നത്. ഇന്ത്യ ഉൾപ്പെടെ ഇതിനെതിരെ ശക്തമായ നിലപാടെടുക്കേണ്ട സന്ദർഭമാണിത്.

എല്ലാത്തിനും ഒരു പരിധിയുണ്ട്; പ്രതികാരത്തിനു പോലും. അതു കഴിഞ്ഞും യുദ്ധം തുടരുന്നത് ന്യായീകരിക്കാനാവില്ല. രാജ്യാന്തര സമാധാനവും സുരക്ഷയും അപകടമാവുന്ന നിലയിൽ യുദ്ധം നീളുന്നത് മറ്റു പല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് യു.എൻ മേധാവി രക്ഷാസമിതിയുടെ ഇടപെടൽ അഭ്യർത്ഥിച്ചത്. കിഴക്കൻ പാകിസ്ഥാനിൽ പാക് സൈന്യം നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി 1971 ഡിസംബർ മൂന്നിന് അന്നത്തെ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ ഈ വകുപ്പ് എടുത്തു പറഞ്ഞിരുന്നു. 2017ൽ ഗുട്ടെറസ് സ്ഥാനമേറ്റശേഷം ഇതാദ്യമായാണ് ഈ വകുപ്പ് പ്രയോഗിക്കുന്നത്. ഗുട്ടെറസിന്റെ ഈ ഇടപെടലിനോട് ഇസ്രയേൽ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ലോക സമാധാനം ആഗ്രഹിക്കുന്നവർ ഗാസയെ ഹമാസിൽ നിന്നു മോചിപ്പിക്കുന്നതിനെയാണ് പിന്തുണയ്ക്കേണ്ടതെന്നാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി പറഞ്ഞത്.

യുദ്ധത്തിന്റെ ഭാഗമായി തുടരുന്ന അഭയാർത്ഥി പ്രവാഹവും നിയന്ത്രണാതീതമായിരിക്കുകയാണ്. ഈജിപ്‌റ്റ് അതിർത്തിയോടു ചേർന്ന റഫാ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടം മാത്രമാണ് സുരക്ഷിതമെന്ന് ഇസ്രയേൽ വ്യോമസേന ലഘുലേഖ വിതരണം ചെയ്തിരുന്നു. അതിനാൽ ആ ഭാഗത്തേക്കുള്ള അഭയാർത്ഥി പ്രവാഹം തുടരുകയാണ്. വെടിനിറുത്തലിനെ എതിർക്കുന്ന നിലപാടിൽ നിന്ന് അമേരിക്ക പിന്മാറാതെ ഗുട്ടെറസിന്റെ അഭ്യർത്ഥന ഫലം കാണില്ല. കാരണം യു.എൻ രക്ഷാസമിതിയിൽ ഉള്ള വീറ്റോ അധികാരം അമേരിക്ക പ്രയോഗിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിന് അമേരിക്കയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള നിഷ‌്‌പക്ഷ രാജ്യങ്ങൾ മുന്നോട്ടുവരേണ്ടതാണ്.