 നീക്കവുമായി നഗരസഭ

തിരുവനന്തപുരം: ഭരണസമിതിയുടെ താത്പര്യക്കുറവ് കാരണം ചില സ്ഥലങ്ങളിൽ നിലച്ചുപോയ കിച്ചൺബിന്നിന് പകരമുള്ള ഹരിതകർമ്മസേനയുടെ ജൈവമാലിന്യ ശേഖരണം അവസാനിപ്പിക്കാൻ നഗരസഭ. ഹരിതകർമ്മ സേനയ്‌ക്ക് അജൈവ മാലിന്യശേഖരണം മാത്രമേ പാടൂള്ളൂ. എന്നാൽ നിലവിൽ 50ലധികം വാർഡുകളിലെ ഭക്ഷണ മാലിന്യങ്ങളും ഹരിതകർമ്മ സേന ശേഖരിക്കുന്നുണ്ട്. എന്നാലിത് കൃത്യമായി നിർമ്മാർജനം ചെയ്യുന്നില്ലെന്നാണ് നഗരസഭയുടെ വാദം.

ഈ സാഹചര്യത്തിലാണ് നിറുത്തലാക്കാനുള്ള ആലോചന. നിലവിലെ രീതിയനുസരിച്ച് പ്ളാസ്റ്റിക്ക് മാലിന്യശേഖരണം മാത്രമേ അവരെ ഏല്പിക്കൂ. ജനുവരി മുതൽ പുതിയരീതി നടപ്പാക്കാനാണ് ആലോചന. ജനുവരി വരെ മാത്രമേ ഭക്ഷണമാലിന്യം ശേഖരിക്കാനാകൂവെന്ന് സേനാംഗങ്ങൾ വീട്ടുകാരോട് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെങ്കിലും ബദൽ സംവിധാനം കാണാതെയുള്ള തീരുമാനം ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിമർശനം. നിലവിൽ പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യത്തിന് പ്രതിമാസം 100 രൂപയാണ്,​ ഭക്ഷണമാലിന്യം ഉൾപ്പടെ ശേഖരിക്കുന്നതിന് 300 രൂപ നൽകണം.

നീക്കം സ്വകാര്യ ഏജൻസിയെ

സഹായിക്കാനെന്ന് ആക്ഷേപം

നഗരസഭയുടെ നീക്കം സ്വകാര്യ ഏജൻസികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. ഫ്ളാറ്റ്,​സ്ഥാപനങ്ങൾ,​ഓഡിറ്റോറിയം,​മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവ മാലിന്യം ശേഖരിക്കുന്നത് സ്വകാര്യ ഏജൻസികൾക്ക് നൽകാൻ കരാറായിട്ടുണ്ട്. കിച്ചൺ ബിൻ പ്രോത്സാഹിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. എന്നാൽ കിച്ചൺ ബിൻ ഇറക്കുമതിയിലും വിതരണത്തിലുമുണ്ടായ അഴിമതിയും പരിപാലനമില്ലാത്ത സാഹചര്യവും കാരണം പദ്ധതി നിലച്ചിരിക്കുകയാണ്. എല്ലാ വീടുകളിലും കിച്ചൺ ബിൻ പ്രായോഗികമാകില്ലെന്ന് നഗരസഭ തന്നെ പറയുന്ന സാഹചര്യത്തിൽ ഹരിതകർമ്മ സേനയെ മാറ്റുമ്പോൾ മാലിന്യശേഖരണം താളം തെറ്റും. അതുവഴി സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകാൻ നീക്കമെന്നാണ് ആക്ഷേപം.

ശേഖരിച്ചിട്ടും മാലിന്യം കുന്നുകൂടുന്നു

നഗരത്തിൽ പ്രതിദിനമുണ്ടാകുന്ന 473 ടൺ മാലിന്യത്തിൽ 150 ടൺ കൃത്യമായി സംസ്‌കരിക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തിയെങ്കിലും അതൊഴിവാക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. 75 ടൺ മാലിന്യം ദിനംപ്രതി സംസ്കരണം നടത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാലിത് നിരീക്ഷിക്കാനുള്ള സംവിധാനവും നഗരസഭ ഏർപ്പെടുത്തിയിട്ടില്ല. 10 ശതമാനത്തോളം മാലിന്യം ജലാശയങ്ങളിൽ ഇപ്പോഴും നിക്ഷേപിക്കുന്നുണ്ട്. തോടുകളിൽ മാലിന്യം കെട്ടിനിന്ന് ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമുണ്ടായിട്ടും നഗരസഭ ഇടപെട്ടിട്ടില്ല.