
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഏഴു ബില്ലുകളിൽ ഗവർണറോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി.
ബില്ലുകളിലെ വിഷയം സംസ്ഥാന ലിസ്റ്റിലാണോ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് അധികാരമുള്ള സമാവർത്തി (കൺകറന്റ്) പട്ടികയിൽപ്പെട്ടതാണോ എന്നാണ് പ്രധാനമായും വിശദീകരിക്കേണ്ടത്.
കേന്ദ്രആഭ്യന്തര സെക്രട്ടറിക്കാണ് ഗവർണർ ബില്ലുകൾ കൈമാറിയിരുന്നത്. ആഭ്യന്തരമന്ത്രാലയം സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നത്.
ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ കേസ്, സുപ്രീംകോടതി പരിഗണിച്ചതിന്റെ തലേന്നാണ് ഇവ രാഷ്ട്രപതിക്ക് അയച്ചത്.ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരമുള്ള അധികാരമാണ് ഗവർണർ വിനിയോഗിച്ചത്.
ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതായി രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
സർവകലാശാലകളുമായി ബന്ധപ്പെട്ട അഞ്ചു ബില്ലുകൾ കൈമാറിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പട്ടികയിൽ സർവകലാശാലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, സമാവർത്തി ലിസ്റ്റിൽ ഉന്നത, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അതിനാൽ രാഷ്ട്രപതി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്. അഴിമതി തെളിഞ്ഞാൽ ജനപ്രതിനിധികൾ ആ സ്ഥാനത്തിരിക്കാൻ അയോഗ്യരാണെന്ന് വിധിക്കാവുന്ന വകുപ്പ് ഭേദഗതി ചെയ്തുള്ള ലോകായുക്ത ബില്ലിലും വിശദീകരണം ആരാഞ്ഞു. നീതിന്യായം സംസ്ഥാന വിഷയമാണെങ്കിലും രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ആക്ട് പാസാക്കിയതെന്നും ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗിക്കപ്പെടാൻ ഇടയുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഇത് രാഷ്ട്രപതി പരിശോധിക്കണമെന്നാണ് ഗവർണറുടെ നിലപാട്. ബില്ലുകളെല്ലാം നിയമഭേദഗതിയാണെന്നും സംസ്ഥാനത്തിന്റെ അധികാരമാണെന്നുമാണ് സർക്കാർ നിലപാട്.
നിയമസഭയോ നിയമസെക്രട്ടറിയോ ശുപാർശ ചെയ്യുന്ന ബില്ലുകളാണ് മുൻകാലങ്ങളിൽ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇത്തവണ ശുപാർശയില്ലാതെയാണ് ഡൽഹിക്കയച്ചത്.
രാഷ്ട്രപതിയുടെ
പരിഗണനയ്ക്കയച്ചത്
സർവകലാശാല നിയമ ഭേദഗതി 2ബില്ലുകൾ
ലോകായുക്ത നിയമഭേദഗതി
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നൊഴിവാക്കാനുള്ള 2ബില്ലുകൾ
വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനുള്ള ബിൽ
സഹകരണ സൊസൈറ്റി ഭേദഗതി ബിൽ (മിൽമ).