dr-shahana

തിരുവനന്തപുരം: ഡോ.ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് വാടക ഫ്ലാറ്റിൽ നിന്നു ലഭിച്ച ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ വളച്ചൊടിച്ചും മരണത്തിൽ ആർക്കും പങ്കില്ലെന്നും വരുത്തിതീർക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. നിർണായകമായ ആദ്യമണിക്കൂറുകളിൽ പ്രതിക്ക് പിന്നാലെ പോകാതെ കേസിന്റെ ഗതിതിരിച്ചു വിടാനും നീക്കം നടന്നു. ബുധനാഴ്ച ഉച്ചയോടെ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പൊലീസ് നടപടി ഊർജ്ജിതമാക്കിയതും തുടർന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ നേതാവും എസ്.എഫ്.ഐ പ്രവർത്തകനുമായ റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നതും. വ്യാഴാഴ്ച കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ പേരും പങ്കും ആത്മഹത്യക്കുറിപ്പിലുണ്ടെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ മുതൽ മാദ്ധ്യമപ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടെങ്കിലും സംഭവത്തിൽ ആർക്കും പങ്കില്ലെന്നും പിതാവ് മരിച്ചതിന്റെയടക്കം മാനസിക സംഘർഷമാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.ഹരിലാൽ തുടക്കത്തിൽ പറഞ്ഞത്. പ്രണയനൈരാശ്യം കൊണ്ടുള്ള മനോവേദനയാണ് മരണത്തിന് കാരണമെന്നും ആത്മഹത്യക്കുറിപ്പിൽ ആരെയും കുറ്രപ്പെടുത്തുന്നില്ലെന്നും ആവർത്തിച്ചിരുന്നു. ബുധനാഴ്ച ഉച്ചവരെ ഇതേ നിലപാടിലായിരുന്നു പൊലീസ്. റുവൈസിനെ സംരക്ഷിക്കാൻ പ്രാദേശികതലത്തിൽ നിന്ന് സമ്മർദ്ദമുണ്ടായതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. എന്നാൽ സർക്കാർ ശക്തമായി ഇടപെട്ടതോടെ പൊലീസ് നിലപാട് മാറ്റുകയായിരുന്നു.

ആദ്യ ദിവസങ്ങളിലെ

പൊലീസ് ഒളിച്ചുകളി

(കേരളകൗമുദി ലേഖകനുമായുള്ള സംഭാഷണം)

ചൊവ്വ

മെഡി. കോളേജ് ഇൻസ്പെക്ടർ: അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാനസികസംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണം.

ലേഖകൻ: ആത്മഹത്യക്കുറിപ്പിൽ എന്തൊക്കെ പറയുന്നുണ്ട്

ഇൻസ്‌പെക്ടർ: വിഷമങ്ങളാണ് പറയുന്നത്. അച്ഛൻ മരിച്ചു, ആരും ആശ്രയമില്ല, ഒറ്റപ്പെടലാണ്. അച്ഛനാണല്ലോ പെൺമക്കളുടെ ആശ്രയം. അത് നഷ്ടപ്പെടുമ്പോഴുള്ള വേദനയായിരിക്കും.

ലേഖകൻ: സ്നേഹബന്ധത്തിന് വിലയില്ലാത്ത ഭൂമിയാണ്, എല്ലാം പണത്തിനുവേണ്ടി.. ഇത്തരത്തിലുള്ള വരികൾ അതിലുണ്ടോ

ഇൻസ്‌പെക്ടർ: പ്രത്യേക മാനസികാവസ്ഥയിലാണല്ലോ ആത്മഹത്യക്കുറിപ്പ് എഴുതുന്നത്, അതിന്റെ ഭാഗമായുള്ള ചില പരാമർശങ്ങൾ മാത്രം. ആരെയും പേരെടുത്ത് പറയുന്നില്ല. അതുകൊണ്ട് ആരെയും സംശയിക്കാൻ സാധിക്കില്ലല്ലോ.

ബുധൻ

ലേഖകൻ: ആരോപണവിധേയൻ 150 പവനും ഒന്നരക്കോടിയുമടക്കം സ്ത്രീധനം ചോദിച്ചെന്ന് കേൾക്കുന്നല്ലോ.
ഇൻസ്‌പെക്ടർ: അതൊക്കെ വെറുതെയാണ്, ഇതിന്റെ പകുതി നൽകിയിരുന്നെങ്കിൽ ഈ കല്യാണം നടക്കുമായിരുന്നു.
ലേഖകൻ: ആരോപണവിധേയനായ ഡോക്ടറുടെ പേരെന്താണ്, സ്ഥലം എവിടെയാണ്.
ഇൻസ്‌പെക്ടർ: അത്തരമൊരു ആൾ ഇതുവരെയും ചിത്രത്തിലില്ല. വെറുതെ എന്തിനാണ് അയാളുടെ പേര് വലിച്ചിഴയ്ക്കുന്നത്.
ലേഖകൻ: അയാളുടെ സ്ഥലമെങ്കിലും പറയാമോ
ഇൻസ്‌‌പെക്ടർ: കൊല്ലം, അത്രയും മാത്രമേ പറയാനാകൂ.
ലേഖകൻ: ഇയാൾക്കെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണോ?
ഇൻസ്‌പെക്ടർ: ഇതുവരെയില്ല, ബന്ധുക്കളുടെ മൊഴി എടുക്കട്ടെ, അതിനുശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യും.

''അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമിച്ച പൊലീസ് നടപടിയെ ഗൗരവമായി കണ്ട് സർക്കാരിനോട് റിപ്പോർട്ട് തേടും

-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

(ഷഹനയുടെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്)