തിരുവനന്തപുരം: ആറ്റിങ്ങലിന്റെ അരങ്ങിൽ നാലുനാൾ നിറഞ്ഞാടിയ ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. 835 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഉപജില്ല ഒാവറോൾ കിരീടമണിഞ്ഞു. 757 പോയിന്റ് നേടിയ കിളിമാനൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 709 പോയിന്റുമായി തിരുവനന്തപുരം നോർത്ത് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 677 പോയിന്റുമായി പാലോടാണ് നാലാമത്. ആറ്റിങ്ങൽ (664), നെടുമങ്ങാട് (664), വർക്കല (595), കണിയാപുരം (580), കാട്ടാക്കട (573), ബാലരാമപുരം (551), നെയ്യാറ്റിൻകര (534), പാറശാല (493) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 379 പോയിന്റുനേടി തിരുവനന്തപുരം സൗത്ത് ഒന്നാമതും 324 പോയിന്റ് നേടി തിരുവന്തപുരം നോർത്ത് രണ്ടാമതും, 304 പോയിന്റ് നേടി ആറ്റിങ്ങൽ മൂന്നാമതും എത്തി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ തിരുവന്തപുരം സൗത്ത് 316 പോയിന്റുകൾ നേടി ഒന്നാമതും 313 പോയിന്റ് നേടിയ കിളിമാനൂർ രണ്ടാമതും 282 പോയിന്റുമായി തിരുവനന്തപുരം നോർത്ത് മൂന്നാമതും എത്തി. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 88 പോയിന്റുകൾ വീതം നേടിയ പാലോടും, കാട്ടാക്കടയും ഒന്നാം സ്ഥാനവും, 80 പോയിന്റുകൾ വീതം നേടിയ കണിയാപുരവും, തിരുവനന്തപുരം സൗത്തും രണ്ടാം സ്ഥാനവും പങ്കിട്ടു. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണിയാപുരം 88 പോയിന്റുമായി ഒന്നാമതും 87 പോയിന്റുമായി കിളിമാനൂർ രണ്ടാമതും 86 പോയിന്റുമായി ആറ്റിങ്ങൽ മൂന്നാമതുമെത്തി.

യു.പി ജനറൽ വിഭാഗത്തിൽ 146 പോയിന്റുകൾ വീതം നേടി പാലോടും നെടുമങ്ങാടും ഒന്നാം സ്ഥാനം പങ്കിട്ടു. 145 പോയിന്റുകൾ നേടിയ തിരുവന്തപുരം സൗത്തും, കിളിമാനൂരും രണ്ടാം സ്ഥാനം പങ്കിട്ടു. യു.പി സംസ്കൃതോത്സവം 90 പോയിന്റ് വീതം നേടി തിരുവനന്തപുരം സൗത്തും കിളിമാനൂരും ഒന്നാം സ്ഥാനം പങ്കിട്ടു. 89 പോയിന്റ് നേടിയ പാലോട് രണ്ടാമത് എത്തി. യു.പി അറബിക് കലോത്സവത്തിൽ കണിയാപുരവും, പാലോടും 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റ് നേടിയ ആറ്റിങ്ങലും, ബാലരാമപുരവും രണ്ടാം സ്ഥാനം പങ്കിട്ടു.