
കുറ്റിച്ചൽ: കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന കാടിന്റെ മക്കളുടെ ശബരിമല യാത്രയിൽ ഇക്കുറി സ്ത്രീകളും കുട്ടികളും കന്നി അയ്യപ്പന്മാരും ഉൾപ്പെടുന്ന 120 ഓളം പേരുടെ സംഘം മുണ്ടണി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ആചാരങ്ങളുടെ ഭാഗമായി മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞകദളിക്കുല, കാട്ടുകുന്തിരിക്കം, ഈറ്റയിലും അരിചൂരലിലും മെനഞ്ഞെടുത്ത പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ വനവിഭവങ്ങൾ ഭക്തർ അയ്യപ്പന് കാഴ്ച്ച വയ്ക്കാനായി കൊണ്ടു പോയി. അയ്യപ്പൻ മാരെ യാത്രയയ്ക്കാനായി വിവിധ സെറ്റിൽമെന്റുകളിൽ നിന്നും ആദിവാസികൾ എത്തിയിരുന്നു. മുണ്ടണി ക്ഷേത്രം മുതൽ കോട്ടൂർ ജംഗ്ഷൻ വരെ ഘോഷയാത്രയായി ഇവർ അയ്യപ്പൻമാരെ അനുഗമിച്ചു.