school

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള പിറക് വശത്തെ ചുറ്റുമതിൽ പൂ‌ർണമായും പൊളിഞ്ഞ് വീണിട്ട് കാലങ്ങളായി. നാളിതുവരെ അവ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. വിദ്യാർത്ഥികൾക്ക് സുരക്ഷാഭീഷണിയാണെന്ന് രക്ഷിതാക്കളും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികൾ ഇവിടം തുറന്നുകിടക്കുന്നതിനാൽ ക്ലാസ് സമയങ്ങളിൽ പോലും ഈ വഴി പുറത്തേക്ക് പോകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളടക്കമുള്ളവരും ഇതുവഴി സ്കൂൾ വളപ്പിനുള്ളിൽ പ്രവേശിക്കുന്നതായും സമീപവാസികൾ പറയുന്നു. പൊതുവേ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും വ്യാപകമായിട്ടുള്ള സാഹചര്യങ്ങളിൽ പുറത്ത് നിന്നുള്ള ഇത്തരത്തിലുള്ള സംഘങ്ങളുടെ പ്രവേശനം വിദ്യാർത്ഥികൾക്ക് സുരക്ഷാഭീഷണി ഉയർത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും.

 ബലമില്ലാതെ അടിത്തറ

ഒരു വർഷം മുമ്പ് കനത്ത മഴയിൽ മതിലിന്റെ കരിങ്കല്ലുകൾ ഇളകി. പിന്നാലെ പെയ്ത മഴയിൽ അത് പൂർണമായും നിലംപതിച്ചു. കെ. ആൻസലൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് ഒന്നര വ‌ർഷം മുമ്പാണ് സ്കൂളിന് പുതുതായി ഗ്രൗണ്ട് നിർമാണം പൂർത്തിയാക്കിയത്. മുമ്പ് ഗ്രൗണ്ടിന് മദ്ധ്യത്തിലുണ്ടായിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം മാറ്റി സ്ഥാപിച്ചാണ് സ്കൂളിന് വിശാലമായ കളിക്കളം നിർമ്മിച്ചത്. ഇതോടനുബന്ധിച്ച് നിലവിലുണ്ടായിരുന്ന വ‌ർഷങ്ങൾ പഴക്കമുള്ള മതിൽ പൊളിച്ച് അവിടെ പുതിയ മതിലും സ്ഥാപിച്ചു. എന്നാൽ ബലമായ അടിത്തറയില്ലാതെ കെട്ടിയ മതിൽ അധികം താമസിയാതെ നിലം പതിക്കുകയായിരുന്നു.

 വില്ലനായി മഴ

ഗ്രൗണ്ട് നിർമ്മാണത്തിലെയും ലെവലിംഗിലെയും അപാകത കാരണം മഴ പെയ്യുമ്പോൾ വെള്ളമെല്ലാം ഒലിച്ചിറങ്ങി താഴ്ചയിൽ സ്ഥിതിചെയ്യുന്ന മതിലിന് സമീപം കെട്ടി നിൽക്കും. മഴവെള്ളം ഒലിച്ചുപോകാൻ മാർഗ്ഗമില്ലാതായതോടെ ദിവസങ്ങളോളം ഇത്തരത്തിൽ മഴവെള്ളം കെട്ടിനിന്നതാണ് മതിലിന് ബലക്ഷയമുണ്ടാകുകയും തകർന്ന് വീഴാനും ഇടയാക്കിയത്.


 ബുദ്ധിമുട്ട് മാത്രം

പൊളിഞ്ഞ മതിലിന് സമീപത്തായി എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ ഓഫീസ്, ഗുരുമന്ദിരം, ഇന്ത്യൻബാങ്ക്, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളുണ്ട്. ഗ്രൗണ്ട് നിർമ്മാണ സമയത്ത് മതിലിന്റെ ബലക്ഷയം സംബന്ധിച്ച് സ്ഥാപന മേധാവികൾ നഗരസഭയെയും സ്കൂൾ അധികൃതരെയും വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല. മതിൽ തകർന്നതിനെ തുടർന്ന് ശക്തമായ മഴപെയ്യുന്ന സമയങ്ങളിൽ ഗ്രൗണ്ടിലെ ചെളിവെള്ളമടക്കം കെട്ടിടമുറ്റത്ത് ഒലിച്ചിറങ്ങുന്നത് ഇവിടെയെത്തുന്ന ജീവനക്കാരേയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.