youth-congress

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നൽകിയ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട പെരിനാട് അട്ടത്തോട് നിലയ്ക്കൽ എസ്‌റ്റേറ്റ് വെട്ടിക്കൽ സ്വദേശി വി. ആർ. അരവിന്ദ് വെട്ടിക്കലിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനിമോൾ എസ്. രാജേന്ദ്രന്റേതാണ് ഉത്തരവ്.

നിയമന ഉത്തരവിന്റെ ഒറിജിനൽ കണ്ടെത്തണം. മറ്റാരെയെങ്കിലും പറ്റിച്ച് പണം തട്ടിയോ എന്ന് അന്വേഷിക്കണം. പ്രതിയെ സഹായിച്ച ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെ കണ്ടെത്തണം. ഇതിനായി കസ്റ്റഡിയിൽ വേണമെന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപളളി മനുവിന്റെ ആവശ്യം കോടതി അംഗീകരിച്ചു.


സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ നന്ദകുമാറാണ് പരാതി നൽകിയത്. ആലപ്പുഴ കരുനാഗപ്പളളി ചിങ്ങോലപടീറ്റതിൽ സ്വദേശിനി സൗമ്യ പ്രസന്നനിൽ നിന്ന് 50,000 രൂപ തട്ടിയെന്നാണ് കേസ്. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി നിയമനം ലഭിച്ചെന്ന് കാണിച്ച് വ്യാജ ഉത്തരവ് നൽകുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ ലെറ്റർ ഹെഡിൽ വ്യാജ സീൽ പതിപ്പിച്ച് വി. സോമസുന്ദരം സെക്ഷൻ ഓഫീസർ, തിരുവനന്തപുരം എന്ന പേരിൽ ഒപ്പും സീലും പതിപ്പിച്ചിരുന്നു.