
പേരൂർക്കട: പേരൂർക്കട ഗവ.എൽ.പി.എസിൽ കൊവിഡ് കാലത്ത് നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരരംഗത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്ലക്കാർഡുകളുമേന്തി പുതിയ മന്ദിരത്തിന് മുന്നിലായിരുന്നു പ്രതിഷേധ സമരം. കെട്ടിടം പണി പൂർത്തിയാക്കി ഉടൻ കുട്ടികൾക്ക് പഠിക്കാനാവശ്യമായ അന്തരീക്ഷമൊരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.2021ൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കേണ്ടതാണ്. 4കോടി രൂപയുടെ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് നാലുവർഷം കഴിഞ്ഞെന്നും അധികൃതരുടെ പിടിപ്പുകേടാണ് പണി ഇഴയുന്നതിനു കാരണമെന്നും സ്കൂൾ പി.ടി.എ ആരോപിച്ചു. തുടർന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ട് മന്ദിരത്തിന്റെ ജോലി പെട്ടെന്ന് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
85 ശതമാനം ജോലിയും കഴിഞ്ഞിട്ടുണ്ടെന്നും ഇനി മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം പണി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന ഉറപ്പ് അധികാരികളിൽ നിന്നു ലഭിക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ തങ്ങളുടെ കുട്ടികളെ ടി.സി വാങ്ങി മറ്റു സ്കൂളുകളിൽചേർക്കാനുള്ള നീക്കങ്ങൾ തുടങ്ങുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.