കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച പുതിയ ക്ലാർക്ക് പരീക്ഷയുടെ സിലബസും മാർക്ക് ഘടനയും ഉടനടി പ്രഖ്യാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. അപേക്ഷ ക്ഷണിച്ച ശേഷവും ഉദ്യോഗാർത്ഥികൾക്കുള്ള ആശങ്ക പരിഹരിക്കാൻ ഇതിലെ അനിശ്ചിതത്വം ഒഴിവാക്കേണ്ടതാണ്. പരീക്ഷാഘടനയിൽ വ്യത്യാസം വന്ന സ്ഥിതിക്ക് സിലബസോ മാർക്ക് ഘടനയോ പുതുക്കുമ്പോൾ വിജ്ഞാപനത്തിനൊപ്പം അതുകൂടി പ്രഖ്യാപിക്കുകയായിരുന്നു കൂടുതൽ അഭികാമ്യം.
നിലവിലെ സാഹചര്യത്തിൽ മാർക്ക് ഘടനയിലും സിലബസിലും ചെറുതല്ലാത്ത മാറ്റം ഉണ്ടാകാം. കഴിഞ്ഞ തവണ വരെ പ്രിലിമിനറി - മെയിൻ എന്നീ രണ്ടു ഘട്ട പരീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പി.എസ്.സി യോഗ തീരുമാന പ്രകാരം ഒറ്റഘട്ട പരീക്ഷയാക്കുന്നതായി പ്രഖ്യാപനം വന്നു. നിലവിൽ ക്ലാർക്ക് മെയിൻ പരീക്ഷയിൽ കണക്ക്, മാനസിക കഴിവ്, നിരീക്ഷണ നൈപുണ്യ പരിശോധനയ്ക്ക് 10 മാർക്കാണ് ഉള്ളത്. ഇത് താരതമ്യേന കുറവാണ്. 20 ചോദ്യങ്ങളെങ്കിലും ഇതിൽ ഉൾപ്പെടുത്തി, 20 മാർക്കിന്റേത് ആക്കണം.
ശ്രീരാജ് നെല്ലിവിള
കണ്ണനല്ലൂർ, കൊല്ലം.
സത്രീധനത്തിന്
അറുതി വരുത്താൻ
സ്ത്രീധന നിരോധന നിയമം എന്നേ നിലവിലുണ്ടായിട്ടും ഇനിയും അതിനു പൂട്ടിടാൻ നമ്മുടെ നിയമത്തിന് കഴിയാത്തത് സമൂഹത്തിൽത്തന്നെ ജീർണ്ണിച്ചു കിടക്കുന്ന ചില പോരായ്മകളാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. യുവതലമുറയ്ക്ക് വിദ്യഭ്യാസം മാത്രം പോരാ, വിവേകവും അറിവും വേണം. പെൺകുട്ടിയെ സ്‌നേഹിക്കാതെ പണത്തെ സ്‌നേഹിച്ചാൽ, ആ പുരുഷനെ ചവറു പോലെ വലിച്ചെറിയാൻ പെൺകുട്ടികളും ശീലിക്കണം, ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.
ആർ. ജിഷി
കൊട്ടിയം, കൊല്ലം