
തിരുവനന്തപുരം: സി.പി.ഐ.സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ഇഷ്ടം കോടിയേരി ബാലകൃഷ്ണനോടായിരുന്നു.പാർട്ടി ബന്ധങ്ങളെക്കാൾ വ്യക്തി ബന്ധങ്ങൾക്ക് വില കൽപിക്കുന്ന ശൈലി മാത്രമായിരുന്നില്ല .അതിനുമപ്പുറം , പറയാതെ തന്നെ തന്റെ നിലപാട് മനസിലാക്കാൻ കഴിയുന്നയാളായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
1982ൽ കോടിയേരിയും കാനവും ഒരുമിച്ചാണ് കേരള നിയമസഭയിലെത്തിയത്.അന്ന് കാനത്തിന് 32വയസ്.കോടിയേരിക്ക് 28ഉം..പിന്നീട് കോടിയേരി സി.പി.എം.സംസ്ഥാന സെക്രട്ടറിയായപ്പോൾ കാനവും സി.പി.ഐ.യുടെ അമരത്തെത്തി. സംസ്ഥാനത്ത് സി.പി.ഐ.,സി.പി.എം ബന്ധം ഏറ്റവും ഊഷ്മളമായി നിലനിന്നത് ആ കാലത്തായിരുന്നു. സി.പി.ഐ.സംസ്ഥാന സമ്മേളനത്തിനിടയ്ക്കായിരുന്നു കോടിയേരിയുടെ വിയോഗം.അത് കാനത്തെ ഏറെ വേദനിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് വല്യേട്ടന്മാരുടെ മുഖത്തു നോക്കി പറയാനുള്ളത് പറഞ്ഞ സിപിഐ നേതാക്കളിൽ കാനവും പെടും.
പാർട്ടി ആചാര്യൻ ഇ.എം.എസിനെപ്പോലും തിരുത്താൻ ശ്രമിച്ചു എം എൻ ഗോവിന്ദൻ നായർ. പി.കെ.വാസുദേവൻ
നായരും സിപിഎമ്മിന്റെ തിട്ടൂരത്തിനൊത്ത് തുള്ളിയിരുന്നില്ല.വെളിയം ഭാർഗ്ഗവൻ ഒരു വിട്ടുവീഴ്ചയക്കും തയ്യാറാകാതെ
തല ഉയർത്തി നിന്നു. സി.കെചന്ദ്രപ്പനും ആ പാരമ്പര്യം കാത്തു. കരുത്തനാണ് പിണറായിയെന്ന മുഖ്യമന്ത്രി.എന്നിട്ടും പോരാളിയായി നിന്നു കാനം.കൊടുക്കേണ്ടിടത്ത് കൊടുത്തു .പിന്തുണയ്ക്കേണ്ടിടത്ത് പിന്തുണച്ചു.എൽ.ഡി.എഫിലെ തിരുത്തൽ ശക്തിയെന്ന സ്ഥാനവും നേടി.. .
നിലമ്പൂർ മാവോവാദി വെടി വയ്പ്, തോമസ് ചാണ്ടി രാജി വിവാദം, ലോ അക്കാഡമി സമരം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങിയവയിലല്ലാം കാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. .യുഎപിഎ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണെന്നും , 'കടക്ക് പുറത്തെന്ന് മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പറയരുതായിരുന്നെന്നും ഉപദേശിച്ചു. കാനത്തിന്റേത് പ്രതിപക്ഷ നിലപാടെന്ന് പ്രകാശ് കാരാട്ടിനു പോലും പ്രസ്താവന ഇറക്കേണ്ടിവന്നു. നിലപാട് ഇടതുപക്ഷത്തിന്റേതാണെന്ന് മറുപടി നൽകി കാനം. സ്പ്രിംഗ്ളർ വിവാദത്തിൽ സർക്കാർ നിലപാടിനെ എതിർത്തു.അതേസമയം മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ ഉറച്ച പിന്തുണ നൽകി.സ്വർണ്ണക്കടത്ത്കേസിൽ മുന്നണിയിൽ ശക്തമായി നിലകൊണ്ടു. മരംമുറിക്കൽ കേസിൽ സർക്കാരിനെ ന്യായീകരിച്ചു. .
.സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ.. കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിർദേശിച്ചതോടെ ,തർക്കത്തിനൊടുവിൽ പന്ന്യൻ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യനാണ് പിന്നീട് കാനത്തെ പിൻഗാമിയായി നിർദേശിച്ചത്. അസുഖം ശരീരത്തെ ദുർബലമാക്കിയ അവസാന നാളുകളിൽ ഒരാഗ്രഹം അവശേഷിച്ചു.പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണം പൂർത്തിയായി കാണണമെന്നത്.