തിരുവനന്തപുരം : പാറ്റൂരിലെ ഗുണ്ടാ ആക്രമണ കേസിലെ പ്രതി ഓം പ്രകാശിനെ കോടതി ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കാതറിൻ രേസാ ജോർജാണ് കസ്റ്റഡിയിൽ വിട്ടത്.കേസിലെ നിർണായക തെളിവായ ഫോൺ കണ്ടെത്താൻ പ്രതിയെ ഡൽഹി അടക്കമുളള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ 10 ദിവസം വേണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ഇതംഗീകരിച്ചാണ് കസ്റ്റഡിയിൽ വിട്ടത്.എതിർ ചേരിയുടെ നേതാവ് മുട്ടട സ്വദേശി നിഥിൻ 2023 ജനുവരി എട്ടിന് പുലർച്ചെ 3.15 നാണ് ആക്രമിക്കപ്പെട്ടത്. നിഥിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതികളിലൊരാളായ സൽമാൻ ഷായുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി 'നിഥിന്റെ ചോര ഇക്രുവന്റെ കൈയിൽ' എന്ന അടിക്കുറിപ്പോടെ ബംഗളൂരിലായിരുന്ന ഓം പ്രകാശിന് അയച്ചു കൊടുത്തു. സൽമാൻ ഷായുടെ ഫോൺ പൊലീസ് പിടികൂടി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ കേസിൽ ഓം പ്രകാശിനെ ബന്ധിപ്പിക്കുന്ന നിർണായക തെളിവായ ഓം പ്രകാശിന്റെ ഫോൺ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനായില്ല. ഈ ഫോൺ ഡൽഹിയിൽ വില്പന നടത്തിയതായാണ് വിവരം. കേസിലെ പ്രതികളും സഹോദരങ്ങളുമായ മേട്ടുക്കട സ്വദേശികളായ ആരിഫ്, ആസിഫ് എന്ന മുന്ന എന്നിവരുടെ വീട് നിഥിന്റെ നേതൃത്വത്തിലുളള സംഘം ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് പാറ്റൂരിൽ എതിർ സംഘം നിഥിനെ ആക്രമിച്ചത്.