kanam

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞാൻ ചേട്ടനെന്നു വിളിച്ചിരുന്ന രണ്ട് രാജേന്ദ്രന്മാരുണ്ടായിരുന്നു. ഒരാൾ നക്സലിസത്തിൽ നിന്ന് മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി യുവജന ഫെഡറേഷന്റെ സെക്രട്ടറിയായി ഞങ്ങളെയെല്ലാം ആവേശം കൊള്ളിച്ച ഇ.രാജേന്ദ്രൻ. മറ്റേയാൾ ഇ.ആറിന് തൊട്ടുമുമ്പ് യുവജന ഫെഡറേഷൻ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ.1970 തുടങ്ങുമ്പോൾ സി.കെ.ചന്ദ്രപ്പൻ, കണിയാപുരം രാമചന്ദ്രൻ, തോപ്പിൽ ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനത്തിന്റെ സാരഥ്യമേറ്റെടുത്ത കാനത്തിന് മുന്നിൽ വെല്ലുവിളികൾ ഒരുപാടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ദുരന്തസമാനമായ പിളർപ്പ് അങ്ങേയറ്റം ദുർബലമാക്കിയ ഒരു പ്രസ്ഥാനത്തെയാണ് കാനത്തിന് നയിക്കാനുണ്ടായിരുന്നത്. അവർ ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്ന ആ നാളുകളിൽ എത്രയോ പ്രക്ഷോഭങ്ങൾക്ക് കാനം നേതൃത്വം നൽകി. അച്യുതമേനോൻ നയിക്കുന്ന സർക്കാരാണ് ഭരണത്തിലുള്ളതെന്ന കാര്യം ആ യുവനേതൃത്വത്തെ അലട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിനും കാനം ഉൾപ്പെടെയുള്ള യുവനേതാക്കളുടെ ആർജ്ജവവും സത്യസന്ധതയും ആദർശധീരതയും എളുപ്പം ഉൾക്കൊള്ളാനായി. അതുകൊണ്ടാണ് 1970കളിൽ കാനത്തെപ്പോലെയുള്ള തലയെടുപ്പുള്ള ചെറുപ്പക്കാരനെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാക്കാൻ പാർട്ടി തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും ഉന്നതനേതാക്കളായ എം.എൻ.ഗോവിന്ദൻ നായർ, സി.അച്യുതമേനോൻ, എൻ.ഇ.ബാലറാം,എസ്.കുമാരൻ,പി.കെ.വാസുദേവൻ നായർ, സി.ഉണ്ണിരാജ, പി.ആർ.നമ്പ്യാർ, സി.കെ.വിശ്വനാഥൻ, വി.വി.രാഘവൻ, വെളിയം ഭാർഗവൻ, പി.എസ്.ശ്രീനിവാസൻ തുടങ്ങിയവരെല്ലാം അംഗങ്ങളായ സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ തുടങ്ങിയ ഉന്നതസമിതികളിലേക്ക് കാനത്തെ തിരഞ്ഞെടുക്കുമ്പോൾ ആർക്കും ആശങ്കയുണ്ടായിരുന്നില്ല. പിന്നീട് തോപ്പിൽ ഗോപാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ഇ.രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വൈ.എഫ്.എസ്.എഫ് സംഘടനകൾ 'തൊഴിൽ അല്ലെങ്കിൽ ജയിൽ ' സമരം നടത്തി. അപ്പോഴും പിന്തുണയുമായി കാനം ഒപ്പമുണ്ടായിരുന്നു.

1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ.വിയും പി.എസ്.ശ്രീനിവാസനും ഉൾപ്പെടെയുള്ള പ്രമുഖർ പരാജയം നേരിട്ടപ്പോൾ ഞങ്ങൾക്ക് ആശ്വാസവും ആവേശവും പകർന്ന് വാഴൂർ മണ്ഡലത്തിൽ നിന്ന് കാനം വിജയിച്ചു.എം.എൽ.എ ഹോസ്റ്റലിലെ കാനത്തിന്റെ മുറിയിൽ റൂമിൽ ഞങ്ങൾ നിത്യസന്ദർശകരായിരുന്നു. മറ്റൊരു കൊടുങ്ങല്ലൂർ നിന്ന് ജയിച്ച വി.കെ.രാജനുമുണ്ടായിരുന്നു.ചെറുപ്പക്കാരോട് ഏറ്റവും അടുപ്പം പുലർത്തിയവരായിരുന്നു രണ്ടു പേരും. ഭക്ഷണവും വാങ്ങിത്തരുമായിരുന്നു. നിയമസഭയിലെ ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുന്നതിനു മുമ്പ് സംശയം തോന്നുന്ന കാര്യങ്ങൾ ജേർണലിസം വിദ്യാർത്ഥിയായിരുന്ന ഞാനടക്കമുള്ളവരോട് ചോദിച്ചറിയാൻ കാനം മടിച്ചിരുന്നില്ല.

സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന കാനം കോട്ടയത്തെ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തിരുവനന്തപുരത്തെ എ.ഐ.എസ്.എഫ് പ്രവർത്തകരായിരുന്ന യു.വിക്രമൻ,കെ.മോഹൻ കുമാർ, ആർ.കെ.സുരേഷ് കുമാർ, ആർ.അജയൻ, പി.എസ്.അജിത്, ആർ.രമേശ്, കരിയം രവി,യു.സുരേഷ്, സാജു, ജീവൻ... ഞങ്ങളെല്ലാവരും നേതാവ് എന്ന് വിളിച്ചിരുന്ന ജാഡ ലവലേശമില്ലാത്ത ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചവരാണ്. പല വഴിക്ക് പിരിഞ്ഞുപോയ ഞങ്ങളുടെ ആ തലമുറ ഏറ്റവും ആഹ്ലാദിച്ചത്, കാനം സി.പി.ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. വർഷങ്ങൾക്കു ശേഷം കാണുമ്പോഴും മുമ്പുണ്ടായിരുന്ന അതേ സൗഹാർദ്ദത്തോടെയാണ് ഇടപെട്ടത്. ഇടയ്ക്ക് എന്നെ വിളിച്ച് ചില കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കുകയും ചെയ്തിരുന്നു. എനിക്ക് സന്തോഷവും പ്രതീക്ഷയുമുള്ള ഒരു നിയോഗവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.കേരള പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് എന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ നാടക പ്രസ്ഥാനത്തിൽ കാനം അദ്ധ്യക്ഷനായ ഭരണസമിതിയിലെ ഒരംഗമെന്നതായിരുന്നു അത്. അസുഖമായതിനാൽ അദ്ദേഹത്തിന് ക്ളബ്ബിന്റെ ആദ്യയോഗത്തിൽ പങ്കെടുക്കാനായില്ല. ഇനി ഒരിക്കലും അതുണ്ടാവില്ലല്ലോ.

ബൈജു ചന്ദ്രൻ,​ മുൻ പ്രോഗ്രാം ഡയറക്ടർ

ദൂരദർശൻ കേന്ദ്രം