dr-shahana

തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസിനെ കൂടാതെ ഇയാളുടെ പിതാവ് കരുനാഗപ്പള്ളി മീൻമുക്ക് മദ്രസയ്ക്ക് സമീപം ഇടയില വീട്ടിൽ അബ്ദുൾ റഷീദിനും നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. ഇയാളെയും പ്രതിചേർത്തു. സ്ത്രീധന നിരോധനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും പൂട്ടിയ നിലയിലാണ്. ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

നവംബർ 18ന് ബന്ധുക്കൾ കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തിയപ്പോൾ പിതാവാണ് സ്ത്രീധനത്തിന് വേണ്ടിയുള്ള വിലപേശൽ നടത്തിയതെന്ന് ഷഹനയുടെ സഹോദരൻ ജാസിം നാസ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും പ്രതിചേർത്തത്.

സ്ത്രീധനത്തിന് വേണ്ടിയുള്ള വിലപേശലും തുടർന്നുള്ള കലഹവും കാരണം മാനസിക സമ്മർദ്ദത്തിലായ ഷഹനയ്ക്ക് ജീവിക്കാനുള്ള അവസാനപ്രതീക്ഷയും നഷ്ടപ്പെടുത്തിയത് റുവൈസിന്റെ നിഷ്ഠൂരമായ പെരുമാറ്റമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. തനിക്ക് ഈ വിഷമം താങ്ങാനാകില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഷഹന തിങ്കളാഴ്ച രാവിലെ ഒൻപതോടെ റുവൈസിന് വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ റുവൈസ് ഉടൻ വാട്സാപ്പ് ബ്ലോക്ക് ചെയ്തു. ഇതോടെ ആകെ തകർന്നുപോയ ഷഹന അന്ന് രാത്രിയിലാണ് ജീവനൊടുക്കിയത്.

കേസിലെ നിർണായക തെളിവായ ഈ വാട്സാപ്പ് സന്ദേശങ്ങളുള്ള ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഷഹന അയച്ച ഈ സന്ദേശമടക്കം അറസ്റ്റിലാകുന്നതിന് മുമ്പ് റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കും.

കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റുവൈസ് ജാമ്യാപേക്ഷ നൽകി. തിങ്കളാഴ്ച പരിഗണിച്ചേക്കും.

സസ്‌പെൻഡ് ചെയ്ത് ഐ.എം.എയും

ഡോ.റുവൈസിനെ അന്വേഷണ വിധേയമായി ഐ.എം.എയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കും ഡോക്ടർ സമൂഹത്തിനും അപമാനമായ ഇത്തരം ദുഷ്
പ്രവണതകൾക്കെതിരെ ഐ.എം.എ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവനും സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരനും അറിയിച്ചു.