
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആദ്യ ഗഡുവിൽ കേന്ദ്രം 42.84 കോടി കുടിശിക വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രം അംഗീകരിച്ച പദ്ധതി അടങ്കൽ പ്രകാരം 2023-24 ൽ കേന്ദ്രവിഹിതം 284.31 കോടിയാണ്. 2022-23 വർഷത്തെ 292.54 കോടിയിൽ നീക്കിയിരിപ്പുണ്ടായിരുന്ന 32.34 കോടി കുറവ് വരുത്തിയാൽ 2023-24വർഷം ലഭിക്കേണ്ടത് 251.97 കോടിയാണ്.
നയമനുസരിച്ച് 60,40 ശതമാനം എന്നിങ്ങനെ രണ്ട് തവണകളായാണ് തുക അനുവദിക്കേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തിന് ഇക്കൊല്ലം ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം 151.18 കോടിയാണ്. 108.34 കോടി മാത്രമാണ് ലഭിച്ചത്. 42.84 കോടിയാണ് ആദ്യ ഗഡുവിൽ കേന്ദ്രം കുറവ് വരുത്തിയത്.