തിരുവനന്തപുരം: തോപ്പിൽ ഭാസിയുമായി തനിക്കു ഗാഢമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.അദ്ദേഹത്തിന്റെ ആത്മകഥയായ ഒളിവിലെ ഓർമ്മകൾ നാടകമായി അവതരിപ്പിച്ചപ്പോൾ, നാടകത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ തന്നെയാണ് തോപ്പിൽ ഭാസി തിരഞ്ഞെടുത്തതെന്നും അടൂർ പറഞ്ഞു. തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽ ഭാസി അവാർഡ് സമർപ്പണ സമ്മേളനവും തോപ്പിൽ ഭാസി അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.ഇ.എം.എസും വി.എസ്.അച്യുതാനന്ദനും ഉൾപ്പെടെയുള്ള രാഷ്ട്രീയ മഹാരഥന്മാർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് തോപ്പിൽ ഭാസി തന്നെ ഉദ്ഘാടനമെന്ന ആ വലിയ ദൗത്യം ഏൽപ്പിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്ന മുഖാമുഖം എന്ന തന്റെ സിനിമയെ പിന്തുണച്ച ഏറ്റവും വലിയ കലാകാരനാണ് തോപ്പിൽ ഭാസിയെന്നും അദ്ദേഹം അനുസ്‌മരിച്ചു.ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. കെ. പ്രകാശ് ബാബു, എ. ഷാജഹാൻ, കെ. ദിലീപ്കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.വള്ളിക്കാവ് മോഹൻദാസ്,എം.എം. ഫ്രാൻസിസ് എന്നിവരും സംസാരിച്ചു.തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ അവാർഡ് മുതിർന്ന നടൻ മധുവിന് കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. 33,333 രൂപയും പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്.തോപ്പിൽഭാസിയുടെ ഓർമ്മകൾ നടൻ മധു പങ്കുവച്ചു.ദീർഘകാലത്തിന് ശേഷം മധു കേന്ദ്രകഥാപാത്രമായ ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മുൻ ചീഫ് സെക്രട്ടറികെ.ജയകുമാറായിരിക്കും തിരക്കഥ രചിക്കുക. കെ.ദിലീപ്കുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവരും പങ്കെടുത്തു.