തിരുവനന്തപുരം: പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായി. മേളയിലെ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ നിശാഗന്ധിയിലെ സദസ് കരഘോഷം മുഴക്കി .സജി ചെറിയാന്റെ അദ്ധ്യക്ഷ പ്രസംഗവും ഓൺലൈനിലായിരുന്നു. മുഖ്യാതിഥിയായ ബോളിവുഡ് നടൻ നാനാ പടേക്കർ നിലവിളക്കിൽ ആദ്യ തിരി തെളിച്ചു.
പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയർ ആര്യ സമർപ്പിച്ചു. ഉദ്ഘാടന ചിത്രമായി ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു.