
വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെട്ട ഭരണ പ്രതിപക്ഷ അംഗങ്ങൾ എൽ.എസ്.ജി.ഡി എൻജിനിയർമാരെ ഉപരോധിച്ചു. മാനസിക സമ്മർദ്ദത്തിൽ അസിസ്റ്റൻഡ് എൻജിനിയർ ജി.എസ്. സുചിത്രാ ലത ഓഫീസ് മുറിയിൽ കുഴഞ്ഞുവീണു. ഇവരെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പിൽ ആദ്യം വിഴിഞ്ഞം സാമുഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പടെയുള്ള ജോലികളുടെ ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന പുതിയ പദ്ധതികളുടെ ഫണ്ട് നഷ്ടപ്പട്ടുവെന്നാരോപിച്ചാണ് ഉപരോധം നടത്തിയത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഉപരോധം ആരംഭിച്ചത്. വിവിധ വാർഡുകളിലെ പ്രവൃത്തികൾ വൈകിപ്പിച്ചത് അസിസ്റ്റൻഡ് എൻജിനിയർ സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണെന്ന് സമരക്കാർ ആരോപിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷംല, അസിസ്റ്റൻഡ് എൻജിനിയർ സുചിത്ര ലത എന്നിവരുൾപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവെച്ചത്. വിവിധ പ്രവർത്തികൾ വൈകിപ്പിച്ചതുകാരണം പഞ്ചായത്തിന് അതത് സമയങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ഫണ്ട് കിട്ടിയിരുന്നില്ല. ഇതുകാരണം അങ്കണവാടികളുടെ നവീകരണം ഉൾപ്പെട്ട വിവിധ പദ്ധതികൾ മുടങ്ങിപ്പോയെന്നും പ്രസിഡന്റ് ജെറോംദാസ് ആരോപിച്ചു. ഇന്നലെ ഉച്ചയോടെ സംഘടിപ്പിച്ച പദ്ധതി നിർവഹണ യോഗത്തിൽ അസിസ്റ്റൻഡ് എൻജിനിയറോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പങ്കെടുത്തില്ല. ഇതോടെയാണ് അവരെ ഓഫീസ് മുറിയിൽ തടഞ്ഞുവെച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
അതേസമയം സൈറ്റുകളിലെത്തി പരിശോധന നടത്താനുള്ള വാഹനം പഞ്ചായത്ത് തന്നിരുന്നില്ലെന്നും പല പ്രവൃത്തികളുടെയും പരിശോധന പൂർത്തിയാക്കാതെ അനുവദിക്കണമെന്നും പല ഫയലുകളും ചട്ടവിരുദ്ധമായി ഒപ്പിടാനും നിർദേശിച്ചത് വഴങ്ങാത്തതിനും പഞ്ചായത്തംഗങ്ങൾ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും അസിസ്റ്റൻഡ് എൻജിനിയർ സുചിത്ര ലത ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കരാറുകാരന് ബിൽ നൽകുന്നതിൽ താൻ തടസം നിന്നുവെന്ന് ആരോപിച്ച് പൂട്ടിയിട്ടെന്നും ഇവർ പരാതിയുന്നയിച്ചു. സംഭവത്തിൽ ജില്ലാപഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് എൻജിനിയർ ഇന്ന് കോട്ടുകാൽ പഞ്ചായത്തിലെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന അറിയിപ്പിനെ തുടർന്ന് രാത്രി ഒൻപതിന് ഉപരോധം അവസാനിപ്പിച്ചു.