തിരുവനന്തപുരം: അനന്തപുരിയുമായി അഞ്ച് പതിറ്റാണ്ടിന്റെ ബന്ധം സൂക്ഷിച്ച കാനം രാജേന്ദ്രൻ വിട പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്ന നവീകരിച്ച എം.എൻ സ്മാരകം പാതിവഴിയിലാണ്. ജന്മദേശം കോട്ടയത്തെ കാനമെങ്കിലും കർമ്മം കൊണ്ട് അദ്ദേഹം തിരുവനന്തപുരത്തുകാരനായിരുന്നു. എ.ഐ.വൈ.എഫ് കാലം മുതൽ ഈ നഗരവുമായി തുടങ്ങിയ ഹൃദയബന്ധമാണ് അദ്ദേഹത്തിന്റെ മരണത്തോടെ അറ്റ് പോയത്.

പാർട്ടിയിലെ തലമുതിർന്ന നേതാക്കളുടെ ശ്രമഫലമായി പണിതുയർത്തിയ സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകം നവീകരിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു. പാർട്ടി ആസ്ഥാനത്തിന്റെ മുൻവശം അങ്ങനെ തന്നെ നിലനിറുത്തണമെന്നും വാശിയുണ്ടായിരുന്നു. അങ്ങനെ നിർമ്മിക്കുന്ന പാർട്ടിയുടെ നവീകരിച്ച ആസ്ഥാനത്ത് വച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് കടക്കാനായിരുന്നു ആഗ്രഹം.

തലസ്ഥാനത്തുണ്ടെങ്കിൽ രാവിലെ 10ന് മുമ്പ് പാർട്ടി ഓഫീസിൽ എത്തണമെന്നതായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന നിർബന്ധങ്ങളിലൊന്ന്. എല്ലാ കത്തുകളും വായിച്ച് മറുപടി നൽകും. സഖാക്കളുടെ മക്കളുടെ വിവാഹക്കത്തുകളാണെങ്കിൽ അവരുടെ പേര് അഭിസംബോധന ചെയ്ത് മറുപടി നൽകണമെന്നത് മറ്റൊരു നിർബന്ധം. മന്ത്രിമാർക്കെതിരായ ആരോപണങ്ങളും സംഘടനാ പ്രശ്‌നങ്ങളും നിറഞ്ഞ കത്തുകളും സർവ്വസാധാരണമായിരുന്നു. എന്നാൽ അവയ്‌ക്കെല്ലാം തികഞ്ഞ പക്വതയോടെ മറുപടി നൽകും. നേരിൽ കാണേണ്ടവരുണ്ടെങ്കിൽ അവർക്കും അവസരമുണ്ട്. കഴിയുമെങ്കിൽ ഉച്ചയൂണ് വീട്ടിൽ നിന്ന് കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിർബന്ധം.സുഹൃദ് ബന്ധം സൂക്ഷിക്കുന്ന കാര്യത്തിലും അദ്ദേഹം നിർബന്ധബുദ്ധിക്കാരനാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി ആഴത്തിലുള്ള സൗഹൃദമാണ് ഇതിന്റെ ഉദാഹരണം. പാർട്ടിക്കാര്യങ്ങൾ മാത്രമല്ല വ്യക്തിജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും അവർ പങ്കിടുമായിരുന്നു. ഇത്തരം നിർബന്ധങ്ങൾക്ക് നിർബന്ധിത അവധി നൽകി കാനം മടങ്ങുകയാണ്.