തിരുവനന്തപുരം: നാനാ പടേക്കറുടെ സിനിമകൾ ആവേശത്തോടെ കണ്ടിരുന്ന കാലം തനിക്കുണ്ടായിരുന്നുവെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് അദ്ദേഹം അഭിനയിച്ച 'മൊഹ്രെ', 'സലാം ബോംബൈ" തുടങ്ങിയ ചിത്രങ്ങൾ തന്റെ യൗവനകാലത്താണ് കണ്ടത്. സമൂഹത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശക്തമായി അഭിനയിച്ചു ഫലിപ്പിച്ചു. ഗൗരവമായ വേഷങ്ങൾക്കു പേരു കേട്ട നാനാ ഹാസ്യരംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മുംബയിൽ എത്തിയശേഷം അദ്ദേഹവുമായി ആത്മബന്ധം സ്ഥാപിക്കാനായി. മലയാളികളെയും മലയാളി സിനിമയേയും ഏറെ സ്‌നേഹിക്കുന്നയാളാണ് അദ്ദേഹം. ചലച്ചിത്ര മേളയിലേക്കുള്ള തന്റെ ക്ഷണം ഏറെ സന്തോഷത്തോടെയാണ് നാനാ പടേക്കർ സ്വീകരിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. കേരളവും മലയാളവും എന്റെ പെറ്റമ്മയെങ്കിൽ മഹാരാഷ്ട്ര പോറ്റമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.