കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ആറാംമൈൽ സ്റ്റേഷൻ പരിധിയിൽ ആവറുകുട്ടി വനമേഖലയിൽ അനുമതിയില്ലാതെ വാഹനങ്ങളും നായ്ക്കളുമായി പ്രവേശിച്ച യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു.
പെരുമ്പാവൂർ വായ്ക്കര ചെറുവര വിഷ്ണു ഉണ്ണിക്കൃഷ്ണൻ, വായ്ക്കര കക്കാടൻ ബേസിൽ കുര്യാക്കോസ്, കുമാരപുരം മൂക്കൻപാറ അമൽരാജ്, അശമന്നൂർ ഒറ്റയാനിക്കൽ വിഷ്ണു ജയൻ, രായമംഗലം വലിയതേമ്പ്ര അശ്വിൻരാജ്, രായമംഗലം മേക്കപ്പടി അനൂപ്, വടവുകോട് ചൊവ്വട്ടേൽ ബിജിൻതമ്പി, വടയംപാടി കീഴേത്ത് അർജുൻ സുരേഷ്, പനങ്ങാട് മുണ്ടയ്ക്കൽ ലിജോ എം. തങ്കച്ചൻ, വടവുകോട് ചൊവ്വട്ടയിൽ ആൽബിൻ സി. മാത്യു എന്നിവരാണ് പിടിയിലായത്.
മഹീന്ദ്ര സ്കോർപ്പിയോയിലും ജീപ്പിലുമായി രണ്ട് ബുൾഡോഗ് നായ്ക്കളുമായാണ് പത്ത് യുവാക്കൾ വനത്തിനുള്ളിൽ അതിക്രമിച്ച് കടന്നത്. വന്യജീവികൾക്കും വനത്തിനും ദോഷകരമായ പ്രവൃത്തികളാണ് യുവാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഘത്തെ പിടികൂടിയത്.
വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. സുനിലും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.